ന്യൂഡൽഹി: അഹമ്മദാബാദിലെ സബർമതി നദിയുടെ ഇരുകരുകളും തമ്മിൽ ബന്ധിപ്പിക്കുന്ന 300 മീറ്റർ നടപ്പാത അടൽ പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും.
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ പേരിലുള്ള നടപ്പാത കാഴ്ചക്കാരുടെ ശ്രദ്ധയെ പിടിച്ചു പറ്റുന്ന തരത്തിലാണ് നിർമിച്ചിരിക്കുന്നത്. പാലത്തിന് സവിശേഷമായ രൂപകൽപ്പനയാണുള്ളത്. എൽ.ഇ.ഡി ലൈറ്റുകൾ കൊണ്ട് കണ്ണഞ്ചിപ്പിക്കുന്ന തരത്തിൽ പാലം അലങ്കരിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി മോദി തന്റെ ദ്വിദിന ഗുജറാത്ത് സന്ദർശനത്തിന് മുന്നോടിയായി പാലത്തിന്റെ ചിത്രം പങ്കുവെച്ചിരുന്നു. 'അടൽ പാലം അതിമനോഹരമായി കാണുന്നില്ലേ!' എന്ന ചോദ്യത്തോടെയായിരുന്നു പാലത്തിന്റെ ചിത്രം പ്രധാനമന്ത്രി സമൂഹമാധ്യമങ്ങളിൽ പങ്കെുവെച്ചത്.
കാൽനടയാത്രക്കാർക്ക് മാത്രമായുള്ള പാലം നദിയുടെ പടിഞ്ഞാറുള്ള പൂന്തോട്ടത്തെയും കിഴക്കുള്ള കലാ സാംസ്കാരിക കേന്ദ്രത്തെയും കൂട്ടിച്ചേർക്കും. ഈ പാലം മൾട്ടി ലെവൽ കാർ പാർക്കിങ്ങിലേക്കും ഇരു കരകളിലെയും വിവിധ പൊതു വികസനങ്ങളെയും ബന്ധിപ്പിക്കും.
സബർമതി റിവർ ഫ്രണ്ടിൽ സംഘടിപ്പിക്കുന്ന ഖാദി ഉത്സവിലും പ്രധാനമന്ത്രി ഇന്ന് പങ്കെടുക്കും. ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 7,500 ഖാദി കരകൗശല വിദഗ്ധർ ഒരേ സമയം ചർക്ക നൂൽക്കുന്ന ചടങ്ങും ഖാദി ഉത്സവിൽ നടക്കും.
2001-ലെ ഭൂകമ്പത്തിൽ മരിച്ചവരുടെ പേരുകൾ ഉൾക്കൊള്ളുന്ന സ്മൃതി വാൻ സ്മാരകം ഞായറാഴ്ച പ്രധാനമന്ത്രി ഭുജിൽ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.