ന്യൂഡൽഹി: അസമിലും എച്ച്.എം.പി.വി രോഗബാധ സ്ഥിരീകരിച്ചു. പത്ത് മാസം മാത്രം പ്രായമുള്ള കുട്ടിയിലാണ് രോഗബാധ കണ്ടെത്തിയതെന്ന് വാർത്ത ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ദിബ്രുഗ്രാഹിലെ അസം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് കുട്ടി ചികിത്സയിലുള്ളത്.
കുട്ടിയുടെ ആരോഗ്യനിലയിൽ ഇപ്പോൾ പ്രശ്നങ്ങളൊന്നുമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ജലദോഷ ലക്ഷണങ്ങളുമായാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നാല് ദിവസം മുമ്പാണ് കുട്ടിക്ക് രോഗലക്ഷണങ്ങൾ തുടങ്ങിയതെന്ന് ഡോ.ധ്രുബജ്യോതി ബുഹുയാൻ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കുട്ടിക്ക് എച്ച്.എം.പി.വി സ്ഥിരീകരിച്ചത്. ലാഹോവാലിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. സാധാരണ പരിശോധനക്കിടെയാണ് രോഗബാധ സ്ഥിരീകരിച്ചത്. പുതിയ വൈറസല്ല എച്ച്.എം.പി.വി. അതിനാൽ ആശങ്കക്ക് വകയില്ലെന്നും ആശുപത്രിയിലെ സീനിയർ ഡോക്ടർ അറിയിച്ചു.
2014ന് ശേഷം 110 എച്ച്.എം.പി.വി കേസുകളാണ് കണ്ടെത്തിയത്. ഈ സീസണിലെ ആദ്യ കേസാണിത്. അസം മെഡിക്കൽ കോളജിൽ നിന്ന് ലഭിച്ച സാമ്പിളിലാണ് രോഗബാധ സ്ഥിരീകരിച്ചതെന്നും ഐ.സി.എം.ആറിന്റെ റീജ്യണിയൽ മെഡിക്കൽ റിസർച്ച് സെന്റർ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.