ന്യൂഡൽഹി: അസം ദേശീയ പൗരത്വ രജിസ്റ്ററിെൻറ (എൻ.ആർ.സി) അന്തിമ കരട് പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങൾ തിങ്കളാഴ്ച സുപ്രീംകോടതി മുമ്പാകെയെത്തും. അസമിലെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനാണ് എൻ.ആർ.സി തയാറാക്കുന്നത്.
അന്തിമ കരട് ജൂൺ 30 ന് പ്രസിദ്ധീകരിക്കണമെന്നും കാലാവധി ഇനിയും നീട്ടി നൽകാനാവില്ലെന്നും രജിസ്റ്റർ തയാറാക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ജസ്റ്റിസ് രഞ്ജൻ ഗൊഗോയി, രോഹിങ്ടൺ ഫാലി നരിമാൻ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് നേരത്തേ ഉത്തരവിട്ടിരുന്നു. എന്നാൽ, സംസ്ഥാനത്തെ ബാരക് താഴ്്വരയിലെ വെള്ളപ്പൊക്കം കാരണം നേരത്തേ നിശ്ചയിക്കപ്പെട്ട പോലെ ജൂൺ 30ന് കരട് പുറത്തിറക്കാനാവില്ലെന്ന് സംസ്ഥാന കോഒാഡിനേറ്റർ പ്രതീക് ഹജേല ജൂൺ 28ന് വ്യക്തമാക്കിയിരുന്നു. തുടർന്ന് കൂടുതൽ സമയം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ അപേക്ഷയും നൽകിയിരുന്നു. എഴ് ജില്ലകളിലെ അഞ്ച് ലക്ഷം പേരെ ബാധിച്ച വെള്ളപ്പൊക്കത്തിൽ ഇതുവരെ 25 പേർ മരിച്ചിട്ടുണ്ട്.
എല്ലാ യഥാർഥ ഇന്ത്യക്കാരുടെയും പേരുകൾ സംസ്ഥാന പൗരന്മാരുടെ പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ അടുത്തിടെ പ്രസ്താവിച്ചിരുന്നു. എൻ.ആർ.സി പ്രസിദ്ധീകരണത്തെ തുടർന്നുള്ള അക്രമ സാധ്യത തള്ളിയ അദ്ദേഹം ഏതു സാഹചര്യവും നേരിടാൻ സംസ്ഥാനമൊട്ടാകെ സേനയെ വിന്യസിച്ചതായും പറഞ്ഞിരുന്നു. മാർച്ച് 27 നാണ് കരട് പ്രസിദ്ധീകരിക്കുന്നതിനുള്ള കാലാവധി നീട്ടാനുള്ള അപേക്ഷ സുപ്രീംകോടതി തള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.