അസമിലെ വെള്ളപ്പൊക്കം; 26 ജില്ലകളിലായി 4 ലക്ഷത്തിലധികം ആളുകൾ ദുരിതത്തിലെന്ന് ചീഫ് സെക്രട്ടറി

ദിസ്പൂർ: അസമിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ രൂക്ഷമായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും കനത്ത നാശഷ്ടങ്ങളുണ്ടായതായി അസം ചീഫ് സെക്രട്ടറി ജിഷ്ണു ബറുവ അറിയിച്ചു. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 26 ജില്ലകളിലായി 4,03,352 പേരാണ് വെള്ളപ്പൊക്കം കാരണം ദുരിതത്തിലായത്.

ദുരിതബാധിത പ്രദേശങ്ങളിൽ 89 പുനരധിവാസ ക്യാമ്പുകളും ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങളും തുറന്നിട്ടുണ്ട്. 39,558 പേരാണ് ഈ ക്യാമ്പുകളിൽ കഴിയുന്നതെന്ന് ബറുവ പറഞ്ഞു. സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ചൊവ്വാഴ്ച ഗുവാഹത്തിയിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദിമ ഹസാവോ, ഹോജായ്, കച്ചാർ, ബരാക് വാലി തുടങ്ങിയ വെള്ളപ്പൊക്കം കൂടുതൽ നാശനഷ്ടങ്ങൾ നടത്തിയ ജില്ലകളിലേക്ക് ആവശ്യ സാധനങ്ങളുടെ വിതരണവും അടിസ്ഥാന സൗകര്യങ്ങൾ പുനസ്ഥാപിക്കലും ഉറപ്പുവരുത്തുമെന്ന് അദ്ദേഹം അറിയിച്ചു. ഗുവാഹത്തിയിൽ നിന്ന് ഹഫ്‌ലോംഗിലേക്കുള്ള റോഡ് ഗതാഗതം പുനസ്ഥാപിക്കാന്‍ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഇതു വഴി ആവശ്യസാധനങ്ങളും മരുന്നുകളും ദിമാ ഹസാവോ പോലുള്ള ജില്ലകളിലേക്ക് അയയ്ക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

ന്യൂ ഹാഫ്‌ലോങ് റെയിൽവേ സ്റ്റേഷനിൽ കുടുങ്ങിപ്പോയ യാത്രക്കാരെയും 35 റെയിൽവേ ജീവനക്കാരെയും വ്യോമസേനയുടെ സഹായത്തോടെ രക്ഷിക്കുമെന്ന് ജിഷ്ണു ബറുവ പറഞ്ഞു. യോഗത്തിന് ശേഷം സംസ്ഥാനത്തെ എല്ലാ ജില്ലാ കലക്ടർമാരുമായും പ്രളയ മുന്നൊരുക്കത്തെക്കുറിച്ച് ബറുവ ചർച്ച നടത്തി.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയിലും മണ്ണിടിച്ചിലിലും അസമിലെ നിരവധി ജില്ലകളിൽ റോഡുകളും റെയിൽവേ ട്രാക്കുകളും ഭാഗികമായി തകർന്നിരുന്നു. വെള്ളപ്പൊക്കത്തിൽ സംസ്ഥാനത്ത് ഇതുവരെ എട്ട് പേർ മരിച്ചു.

Tags:    
News Summary - Assam Chief Secretary reviews floods, landslide situation in state; more than 4 lakh people in 26 districts affected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.