ജനസംഖ്യാ വ്യതിയാന പഠനം മുസ്‍ലിങ്ങളെ ലക്ഷ്യമിടുന്നു; കേന്ദ്ര സമിതിക്കെതിരെ ഉവൈസി
ഹൈദരാബാദ്: രാജ്യത്തെ ജനസംഖ്യാ വ്യതിയാനത്തെക്കുറിച്ചുള്ള പഠനത്തിനെന്ന പേരിൽ കേന്ദ്ര സർക്കാർ നിയോഗിച്ച ഉന്നതതല സമിതിയുടെ പ്രവർത്തനങ്ങൾക്കെതിരെ വിമർശനം ശക്തമാകുന്നു. പഠനത്തിനായി തയ്യാറാക്കിയ ചോദ്യാവലി പുറത്തുവന്നതോടെയാണ് പലകോണുകളിൽ നിന്ന് വിമർശനവും ഉയർന്നത്.
കഴിഞ്ഞ 15 വർഷത്തെ ജനന-വാഹന രജിസ്ട്രേഷനുകൾ, സ്കൂൾ പ്രവേശനം, ഭൂമി ഇടപാടുകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ മതാടിസ്ഥാനത്തിൽ നൽകാനാണ് സമിതി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനുപുറമെ ആരാധനാലയങ്ങളുടെ ജില്ല തിരിച്ചുള്ള കണക്കുകളും ആധാർ, വോട്ടർ ഐ.ഡി രജിസ്ട്രേഷനുകളിൽ ഉണ്ടായ അസ്വാഭാവിക വർധന സംബന്ധിച്ച വിവരങ്ങളും തേടിയിട്ടുണ്ട്. ഹിന്ദുക്കൾ, സിഖുകാർ, ക്രിസ്ത്യാനികൾ, മുസ്ലിംകൾ, പാർസികൾ, ബുദ്ധമതക്കാർ എന്നിവരെക്കുറിച്ചുള്ള വിവരങ്ങൾ തരംതിരിച്ചു നൽകാനാണ് നിർദേശം.
മതാടിസ്ഥാനത്തിൽ ഡാറ്റ തേടിയ കേന്ദ്ര സമിതിയുടെ നീക്കത്തിൽ ഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. ചൊവ്വാഴ്ച എക്സിൽ കുറിച്ച പോസ്റ്റിലായിരുന്നു രാജ്യത്തെ മുസ്‍ലിങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള കേന്ദ്രത്തിന്‍റെ നീക്കത്തിനെതിരെ ഉവൈസി രൂക്ഷവിമർശനമുന്നയിച്ചത്.
മുസ്‍ലിങ്ങളുടെ വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കണമെന്ന് തങ്ങൾ നരേന്ദ്ര മോദി സർക്കാറിനോട് ആവശ്യപ്പെട്ടപ്പോൾ സർക്കാർ അത് അവഗണിക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ 15 വർഷത്തെ ജനന-വാഹന രജിസ്ട്രേഷനുകൾ, സ്കൂൾ പ്രവേശനം, ഭൂമി ഇടപാടുകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ മതാടിസ്ഥാനത്തിൽ നൽകാനാണ് അമിത് ഷാ നിയോഗിച്ച ഈ ഉന്നതതല സമിതി സംസ്ഥാനങ്ങളോട് ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നതെന്നും ഉവൈസി അറിയിച്ചു. മുസ്‍ലിങ്ങളെ ലക്ഷ്യമിട്ട് അവരുടെ ശേഷിക്കുന്ന അവകാശങ്ങൾ പോലും ഇല്ലാതാക്കുന്നതിനായി വിവരങ്ങൾ വളച്ചൊടിക്കാനാണ് ഇത്തരമൊരു സമിതിയെക്കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ഉവൈസി കൂട്ടിച്ചേർത്തു.
ജില്ലാ അടിസ്ഥാനത്തിൽ മതസ്ഥാപനങ്ങളുടെ വിവരങ്ങൾ, ആധാർ, വോട്ടർ ഐഡി, റേഷൻ കാർഡ് രജിസ്ട്രേഷനുകളിലെ വിവരങ്ങൾ, പട്ടികവർഗ വിഭാഗങ്ങൾക്കിടയിലെ മതപരിവർത്തനവുമായി ബന്ധപ്പെട്ട രഹസ്യാന്വേഷണ വിലയിരുത്തലുകൾ എന്നിവയും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ മേയ് 26നാണ് ആഭ്യന്തര മന്ത്രാലയം സമിതി രൂപവത്കരിച്ചത്. സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് പ്രകാശ് പ്രഭാകർ നാവ്ലേക്കറാണ് കമ്മിറ്റിയുടെ അധ്യക്ഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.