മുന്നിൽ മോദി-രാഹുൽ പോരാട്ടം; കോൺഗ്രസിൽനിന്ന് വിട്ടുപോയ പാർട്ടികൾ മടങ്ങിവരണമെന്ന് അശോക് ഗെഹ്‌ലോട്ട്

ജയ്‌പൂർ: കോൺഗ്രസിൽനിന്ന് വിഘടിച്ച പ്രാദേശിക പാർട്ടികൾ മാതൃസംഘടനയിലേക്ക് മടങ്ങിവരണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്‌ലോട്ട്. രാജ്യത്ത് ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ പ്രതിപക്ഷനിര ശക്തമാക്കാൻ പ്രാദേശിക പാർട്ടികൾ ഒന്നടങ്കം രാഹുൽ ഗാന്ധിയെ നേതാവായി അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോൺഗ്രസ് പ്രത്യയശാസ്ത്രമുള്ള ചെറുപാർട്ടികൾ ലയിക്കുന്നതിനെക്കുറിച്ച് ശിവസേന (യു.ബി.ടി) എം.പി സഞ്ജയ് റാവുത്ത് നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഗെഹ്‌ലോട്ട്. ശരദ് പവാറിന്റെ നേതൃത്വത്തിൽ ഇത്തരം പാർട്ടികൾ കോൺഗ്രസുമായി ലയിക്കണമെന്ന റാവുത്തിന്റെ നിർദേശത്തെ താൻ പൂർണമായും പിന്തുണക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

2029 ലെ ലോക്സഭ തെരഞ്ഞെടുപ്പുൽ വോട്ടിങ് രീതിയിൽ വലിയ മാറ്റമുണ്ടാക്കാൻ പ്രതിപക്ഷ കൂട്ടായ്മയായ ഇൻഡ്യ മുന്നണിക്ക് ഒരൊറ്റ നേതാവ് ഉണ്ടാകേണ്ടത് അനിവാര്യമാണ്. ഒരുവശത്ത് നരേന്ദ്ര മോദിയും മറുവശത്ത് രാഹുൽ ഗാന്ധിയുമാണുള്ളതെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടണം. എല്ലാ പ്രതിപക്ഷ പാർട്ടികളും ചേർന്ന് രാഹുൽ ഗാന്ധിയെ തങ്ങളുടെ നേതാവായി പ്രഖ്യാപിച്ചാൽ രാജ്യത്തെ വോട്ടിങ് രീതി തന്നെ മാറിമറിയുമെന്നും ഗെഹ്ലോട്ട് അഭിപ്രായപ്പെട്ടു.

കോൺഗ്രസ് വിട്ടുപോയ നേതാക്കൾ രൂപവത്കരിച്ച തൃണമൂൽ കോൺഗ്രസ് (ടി.എം.സി), എൻ.സി.പി (ശരദ് പവാർ) തുടങ്ങിയ പാർട്ടികൾക്ക് മടങ്ങിവരാൻ തടസ്സമില്ല. എന്നാൽ, ആദ്യമേതന്നെ കോൺഗ്രസിൽനിന്ന് വേറിട്ടുനിൽക്കുന്ന സി.പി.ഐ, സി.പി.എം തുടങ്ങിയ ഇടതുപാർട്ടികളോടോ, സമാജ്‌വാദി പാർട്ടി പോലുള്ള സ്വതന്ത്ര പ്രാദേശിക കക്ഷികളോടോ കോൺഗ്രസിൽ ലയിക്കാൻ ആവശ്യപ്പെടാനാകില്ലെന്നും ഗെഹ്‌ലോട്ട് ചൂണ്ടിക്കാട്ടി.

Tags:    
News Summary - Ashok Gehlot urges parties separated from Congress to rejoin and back Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.