ജയ്പൂർ: കേരളത്തിൽ സി.പി.എം തുടർഭരണത്തിലേറിയത് പോലെ രാജസ്ഥാനിൽ കോൺഗ്രസ് സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട്. സർക്കാറുകൾ മാറി മാറി വരുന്ന രാജസ്ഥാനിലെ കീഴ്വക്കം മാറുമെന്നും അദ്ദേഹം പറഞ്ഞു. ആജ് തക് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം. ഇത്തവണ എന്തായാലും കോൺഗ്രസ് സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്ന് അശോക് ഗെഹ്ലോട്ട് കൂട്ടിച്ചേർത്തു.
കോൺഗ്രസ് സർക്കാറിന് അനുകൂലമാണ് രാജസ്ഥാനിലെ ജനങ്ങളുടെ മനസ്സ്. 70 വർഷം കേരളത്തിൽ കോൺഗ്രസും സി.പി.എമ്മും ഒന്നിടവിട്ട് ഭരിച്ചു. പക്ഷേ ഇത്തവണ സി.പി.എം വീണ്ടും അധികാരത്തിലെത്തി. നല്ല ഭരണം സി.പി.എം കാഴ്ചവെച്ചതിനെ തുടർന്നാണ് അവർക്ക് അധികാര തുടർച്ചയുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
തന്റെ സർക്കാറിന്റെ നല്ല പദ്ധതികൾ തുടരണമെങ്കിൽ കോൺഗ്രസ് തന്നെ അധികാരത്തിൽ വരണം. ബി.ജെ.പി ഭരണത്തിലെത്തിയാൽ താൻ തുടങ്ങിയ മുഴുവൻ പദ്ധതികളും അവർ നിർത്തുമെന്നും അശോക് ഗെഹ്ലോട്ട് പറഞ്ഞു. നിലവിൽ സർക്കാർ കൊണ്ടു വന്നിട്ടുള്ള പദ്ധതികളെ ശക്തിപ്പെടുത്തുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം. വോട്ട് ചെയ്യുമ്പോൾ ജനങ്ങൾക്ക് തെറ്റ് സംഭവിക്കില്ലെന്ന് തന്നെയാണ് വിശ്വാസമെന്നും അശോക് ഗെഹ്ലോട്ട് പറഞ്ഞു.
രാജസ്ഥാനിലെ 199 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള പോളിങ് ശനിയാഴ്ച രാവിലെ ആരംഭിച്ചിരുന്നു. 200 മണ്ഡലങ്ങലാണ് രാജസ്ഥാനിലുള്ളതെങ്കിലും ഒരു നിയമസഭ മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റിവെച്ചിരുന്നു. ശ്രീഗംഗനഗർ ജില്ലയിലെ കരൺപൂർ മണ്ഡലത്തിലെ വോട്ടെടുപ്പാണ് മാറ്റിവെച്ചത്. കോൺഗ്രസ് സ്ഥാനാർഥിയുടെ മരണത്തെ തുടർന്നായിരുന്നു വോട്ടെടുപ്പ് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.