സി.പി ജോഷിയെ രാജസ്ഥാൻ മുഖ്യമന്ത്രിയാക്കണമെന്ന് അശോക് ഗെഹ്​ലോട്ട്

ന്യൂഡൽഹി: താൻ കോൺഗ്രസ് അധ്യക്ഷനാവുകയാണെങ്കിൽ നിയമസഭാ സ്പീക്കറായ സി.പി. ജോഷിയെ മുഖ്യമന്ത്രിയാക്കണമെന്ന് അശോക് ഗെഹ്‌ലോട്ട്. കഴിഞ്ഞ ദിവസം പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയുമായി ഗെഹ്‌ലോട്ട് ചർച്ച നടത്തിയിരുന്നു.

പാർട്ടി അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തിലാണ് അദ്ദേഹം ഹൈക്കമാൻഡിന് മുന്നിൽ പുതിയ ഉപാധി വെച്ചിരിക്കുന്നത്. സംസ്ഥാന സർക്കാറിന്റെ അവസാന ബജറ്റ് അവതരിപ്പിക്കുന്നതിനായി ഫെബ്രുവരി അവസാനം വരെ ഗെഹ്‌ലോട്ട് മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്നാണ് സൂചന.

പാർട്ടിയിൽ ഗെഹ്‌ലോട്ടിന്റെ വിശ്വസ്തനാണ് സി.പി. ജോഷി. 2020 ജൂണിൽ സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിൽ വിമത നീക്കം നടന്നപ്പോൾ സർക്കാറിനെ താങ്ങിനിർത്താൻ ഗെഹ്‌ലോട്ടിനെ സഹായിച്ചത് സി.പി. ജോഷിയുടെ പിന്തുണയായിരുന്നു. സച്ചിൻ പൈലറ്റ് അടക്കം 19 എം.എൽ.എമാർക്ക് അയോഗ്യതാ നോട്ടീസ് നൽകിയാണ് ജോഷി അന്ന് വിമതനീക്കം തടഞ്ഞത്.

ഉദയ്പൂർ ചിന്തൻ ശിബിരത്തിന്റെ തീരുമാനപ്രകാരം ഒരാൾക്ക് ഒരു പദവിയെന്ന നിയമം ഗെഹ്‌ലോട്ട് അംഗീകരിച്ചതായാണ് റിപോർട്ട്. പക്ഷേ, സച്ചിൻ പൈലറ്റ് ഒരു കാരണവശാലും മുഖ്യമന്ത്രിയാകരുതെന്നാണ് ഗെഹ്‌ലോട്ടിന്റെ ആവശ്യം. ഇതിനാണ് അദ്ദേഹം തന്റെ വിശ്വസ്തനായ സി.പി. ജോഷിയുടെ പേര് നിർദേശിച്ചത്.

രാജസ്ഥാനിലെ കൻവരിയ ജില്ലയിൽ ജനിച്ച സി.പി ജോഷിക്ക് നിയമത്തിൽ ബിരുദവും സൈക്കോളജിയിൽ പി.എച്ച്ഡിയുമുണ്ട്. കോളജ് അധ്യാപകനായിരുന്ന ജോഷിയെ മുൻ മുഖ്യമന്ത്രിയായ മോഹൻലാൽ സുഖാദിയയാണ് രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത്. 1980ൽ 29ാം വയസിലാണ് സി.പി. ജോഷി ആദ്യമായി എം.എൽ.എ ആയത്. 2008ൽ അദ്ദേഹം രാജസ്ഥാൻ പി.സി.സി അധ്യക്ഷനായി. രണ്ടാം യു.പി.എ മന്ത്രിസഭയിലും അംഗമായിട്ടുണ്ട്.

Tags:    
News Summary - ashok gehlot recommends speaker cp joshis name for rajasthan cm post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.