രാഹുൽ ഗാന്ധി ജിന്നാണോ? -പരിഹാസവുമായി ഉവൈസി
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ജിന്നാണോ എന്ന് അഖിലേന്ത്യാ മജലിസെ ഇത്തിഹാദുൽ മുസ്‍ലിമൂൻ നേതാവ് അസദുദ്ദീൻ ഉവൈസി. ‘ഞാൻ രാഹുൽ ഗാന്ധിയെ കൊന്നു’ എന്ന രാഹുലിന്റെ തന്നെ പ്രസ്താവനയെ പരിഹസിച്ചാണ് ഉവൈസി രംഗത്തുവന്നത്. ഏറെ ചർച്ചയായ രാഹുലിന്റെ പ്രസ്താവനയെ പരിഹസിച്ച് രാഹുൽ സ്വയം കൊലപ്പെടുത്തിയെങ്കിൽ അദ്ദേഹം പിന്നെ ജിന്നാണോ എന്നാണ് ഉവൈസി ചോദിച്ചത്.
കൊടും തണുപ്പിലും ടീഷർട്ട് ധരിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിനുത്തരമായി തനിക്ക് സ്വെറ്റർ ധരിക്കാൻ തോന്നുന്നില്ലെന്നും തണുപ്പിനെ താൻ കൊന്നുവെന്നും രാഹുൽ മറുപടി നൽകിയിരുന്നു. നാമെല്ലാം തണുപ്പ് കൊണ്ടല്ല, തണുപ്പിനെ പേടിക്കുന്നത് കൊണ്ടാണ് സ്വെറ്റർ ധരിക്കുന്നതെന്നും രാഹുൽ പറഞ്ഞു. അതിന് ശേഷം ‘രാഹുൽ ഗാന്ധി നിങ്ങളുടെ മനസിലാണ്. അയാളെ ഞാൻ കൊന്നു. അയാളവിടെയില്ല. എന്റെ മനസിലുമില്ല. നിങ്ങളീ കണ്ടുകൊണ്ടിരിക്കുന്നത് രാഹുൽ ഗാന്ധിയല്ല’ -ഈ മറുപടിക്ക് പരിഹാസവുമായാണ് ഉവൈസി രംഗത്തുവന്നത്.
‘‘50 വയസായ ഒരാൾ പറയുകയാണ്. ശൈത്യകാലത്ത് തണുപ്പ് തോന്നുന്നില്ലെന്ന്. ശൈത്യത്തെ താൻ കൊന്നുവെന്നും പറയുന്നു. തെരുവിലുറങ്ങുന്ന പാവം എന്തു പറയുമെന്നും ചോദിക്കുന്നു. പിന്നീട് സ്വന്തം പേര് പറഞ്ഞ് അയാളെ ഞാൻ കൊന്നുവെന്നും ഇത് ഞാനല്ല എന്നും രാഹുൽ പറയുന്നു. പിന്നെയാരാണ് നിങ്ങൾ? ജിന്നാണോ? നിങ്ങൾക്ക് അന്ത്യമായെങ്കിൽ പിന്നെന്താണിവിടെ? അറിയില്ല. പ്രേതമായിരിക്കാം. ഇതാണ് കോൺഗ്രസിന്റെ അവസ്ഥ’’ -ഉവൈസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.