ഉവൈസി ബി.ജെ.പിയുടെ കളിപ്പാവ, മുസ്ലിങ്ങളെ ഭിന്നിപ്പിക്കുന്നു-മുനവർ റാണ

ലക്‌നോ: എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസിക്കെതിരെ രൂക്ഷ വിമർശനവുമായി ഉർദു കവി മുനവര്‍ റാണ. ഉവൈസിയെപ്പോലുള്ള നേതാക്കള്‍ രാജ്യത്തെ മുസ്ലിങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും മറ്റൊരു മുഹമ്മദലി ജിന്നയാണ് ഉവൈസിയെന്നുമാണ് ഇദ്ദേഹത്തിന്‍റെ വിമർശനം. രാജ്യത്തെ മുസ്ലിങ്ങൾ ഇത് തിരിച്ചറിയുമെന്നും ഇത്തരത്തിൽ ഒരു നേതാവിനെ വളർന്നുവരാൻ അനുവദിക്കില്ലെന്നും മുനവർ റാണ പറഞ്ഞു.

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഉവൈസിയുടെ പാര്‍ട്ടി അഞ്ച് സീറ്റ് നേടിയതിന് പിന്നാലെയാണ് റാണയുടെ പ്രതികരണം. മുസ്ലിങ്ങളുടെ വോട്ട് ഭിന്നിപ്പിച്ച് ബി.ജെ.പിക്ക് ഗുണപരമാകുന്ന തരത്തില്‍ പ്രവർത്തിച്ചുവെന്നാണ് റാണയുടെ വിമർശനം. ബി.ജെ.പിയുടെ കളിപ്പാവയാണ് ഉവൈസിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഉവൈസിക്ക് അദ്ദേഹത്തിന്‍റെ 15,000 കോടി രൂപയുടെ സ്വത്തുക്കൾ സംരക്ഷിക്കണമെന്ന താല്‍പര്യം മാത്രമേയുള്ളൂ. എന്നെ സംബന്ധിച്ചിടത്തോളം ഉവൈസിയും സഹോദരന്‍ അക്ബറുദ്ദീന്‍ ഉവൈസിയും മുസ്ലിങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ നടക്കുന്ന ഗുണ്ടകൾ മാത്രമാണ്.' റാണ പറഞ്ഞു.

ബീഹാറില്‍ അഞ്ച് സീറ്റുകളില്‍ വിജയിച്ചത് വഴി എന്ത് ക്ഷേമമാണ് ഉവൈസി മുസ്ലിങ്ങള്‍ക്ക് നല്‍കാന്‍ പോകുന്നത്? യു.പിയും ബീഹാറും ഉവൈസിക്ക് കറവയുള്ള പശുവിനെ പോലെയാണ്. യു.പിയിൽ സാമുദായിക സംഘർഷം ഉണ്ടായപ്പോൾ ഹൈദരാബാദിൽ ഉവൈസി ഒളിച്ചിരിക്കുകയായിരുന്നുവെന്നും റാണ പറഞ്ഞു.

കഴിഞ്ഞ 42 വര്‍ഷമായി ഉവൈസിയെ തനിക്കറിയാം. സീമാഞ്ചലിൽ മത്സരിച്ച് ബി.ജെ.പിയെ സഹായിക്കുന്നതിന് പകരം തേജസ്വി യാദവിന്‍റെ മഹാഗഡ്ബന്ധനൊപ്പം ചേർന്ന് എൻ.ഡി.എയെ പുറത്താക്കാനായിരുന്നു ഉവൈസി ശ്രമിക്കേണ്ടിയിരുന്നതെന്നും റാണ കൂട്ടിച്ചേര്‍ത്തു.

ഉത്തർപ്രദേശിലെ അറിയപ്പെടുന്ന ഉർദു സാഹിത്യകാരനാണ് മുനവർ റാണ. സാഹിത്യ അക്കാദമി അവാർഡ് ജേതാവായ മുനവർ റാണക്കെതിരെ ഫ്രാൻസിലുണ്ടായ ആക്രമണത്തെ പിന്തുണച്ചുവെന്ന് ആരോപിച്ച് നേരത്തേ യു.പി സർക്കാർ കേസെടുത്തിരുന്നു. 2015ൽ കേന്ദ്രസർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് കവി അവാർഡ് തിരിച്ചുനൽകിയിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.