ചെന്നൈ: ഡി.എം.കെ എം.പിയും മുൻ കേന്ദ്രമന്ത്രിയുമായ ദയാനിധി മാരനും സഹോദരൻ കലാനിധിമാരനും തമ്മിലുള്ള തർക്കം ഒത്തുതീർന്നു. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ ഇടപ്പെട്ട് നടത്തിയ ചർച്ചകൾക്കൊടുവിലാണ് തർക്കം തീർന്നത്. കഴിഞ്ഞ മാസമാണ് ഇരുവരും തമ്മിലുള്ള തർക്കം തുടങ്ങിയത്.
കലാനിധിമാരൻ സൺനെറ്റ്വർക്കിന്റെ ഉടമസ്ഥാവകാശം അനധികൃതമായി സ്വന്തമാക്കിയതാണെന്ന് ആരോപിച്ച് ദയാനിധിമാരൻ രംഗത്തെത്തിയതോടെയാണ് തർക്കം തുടങ്ങിയത്. കരുണാനിധിയുടെ മരണശേഷം സൺനെറ്റ്‍വർക്കിലെ ജീവനക്കാരനായ കലാനിധി കമ്പനിയുടെ ഉടമസ്ഥാവകാശം സ്വന്തമാക്കുകയായിരുന്നുവെന്നും അനധികൃതമായ ഇടപാടാണ് നടതിയതെന്നും തന്റെ മാതാവ് മല്ലിക മാരൻ സഹോദരി അൻബുകാരശി എന്നിവർക്ക് നിയമപ്രകാരം നൽകാനുള്ള ഓഹരി വിഹിതം നൽകിയില്ലെന്നും ദയാനിധിമാരൻ ആരോപിച്ചിരുന്നു.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കുടുംബത്തിൽ തർക്കം വേണ്ടെന്ന് സ്റ്റാലിൻ ശക്തമായ നിലപാട് എടുത്തതോടെയാണ് ഇരുവരും തമ്മിലുള്ള തർക്കം തീർന്നത്. ഇരുവരും തമ്മിൽ സ്റ്റാലിന്റെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചയിൽ കരാറിലെത്തിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇതുപ്രകാരം സൺനെറ്റ്‍വർക്കിൽ ദയാനിധിമാരന് ഓഹരി പങ്കാളിത്തമുണ്ടാവില്ല. പകരം കലാനിധിമാരൻ ദയാനിധിമാരന് ഏകദേശം 800 കോടി രൂപ നൽകും. ഇതിന് പുറമേ ഒരേക്കർ ഭൂമിയും കൈമാറുമെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഇതുസംബന്ധിച്ച് സ്ഥിരീകരണമില്ല. ഏകദേശം 100 കോടി രൂപയുടെ മൂല്യം ഭൂമിക്കുണ്ടെന്നാണ് റിപ്പോർട്ട്.
ഇതിന് മുമ്പ് എം.കെ അഴഗിരിയും മാരൻ സഹോദരന്മാരും തമ്മിൽ തർക്കമുണ്ടായപ്പോഴും വിഷയത്തിൽ ഇടപ്പെട്ടത് സ്റ്റാലിനായിരുന്നു. 2008ൽ ഉടലെടുത്ത തർക്കം പരിഹരിക്കാൻ സ്റ്റാലിന് സാധിക്കുകയും ചെയ്തിരുന്നു. 2026ൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.