ആര്യൻ ഖാൻ പ്രതിയായ കേസിലെ സാക്ഷി സമാനമായ അഞ്ച് കേസുകളിലും എൻ.സി.ബിയുടെ സാക്ഷി

മുംബൈ: ആര്യൻ ഖാൻ പ്രതിയായ ആഡംബരക്കപ്പൽ മയക്കുമരുന്ന് കേസിൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ സാക്ഷിയാക്കിയ ആദിൽ ഫസൽ ഉസ്മാനി എന്നയാൾ സമാനമായ മറ്റ് അഞ്ച് കേസുകളിലും എൻ.സി.ബിയുടെ സാക്ഷിയായി. ഇന്ത്യൻ എക്സ്പ്രസാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. ആര്യൻ ഖാനെ കുരുക്കാൻ എൻ.സി.ബി മന:പൂർവം ഇടപെട്ടെന്ന ആരോപണങ്ങൾക്ക് ശക്തിപകരുന്നതാണ് പുതിയ വെളിപ്പെടുത്തലുകൾ.

ആര്യൻ ഖാൻ പ്രതിയായ കേസിലെ 10 സാക്ഷികളിലൊരാളാണ് ആദിൽ ഫസൽ ഉസ്മാനി. നേരത്തെ, പ്രഭാകർ സെയിൽ എന്ന സാക്ഷി തന്നെക്കൊണ്ട് വെള്ളപ്പേപ്പറിൽ ഒപ്പിട്ടുവാങ്ങിയാണ് സാക്ഷിയാക്കിയതെന്ന് സത്യവാങ്മൂലം നൽകിയിരുന്നു. വഞ്ചനാ കേസിലെ പ്രതിയായ, സ്വകാര്യ ഡിറ്റക്ടീവെന്ന് സ്വയം അവകാശപ്പെടുന്ന, കെ.പി. ഗോസാവിയും ബി.ജെ.പി പ്രാദേശിക നേതാവായ മനീഷ് ഭനുഷാലി എന്നയാളും കേസിലെ എൻ.സി.ബിയുടെ സാക്ഷികളാണ്. ഇവർ എങ്ങനെ സാക്ഷികളായി എന്നതിലും സംശയങ്ങൾ നിലനിൽക്കുകയാണ്.

ആദിൽ ഫസൽ ഉസ്മാനി അഞ്ച് കേസിൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോക്ക് വേണ്ടി സാക്ഷിയായെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. 36/2020, 38/2020, 27/2021, 35/2021, 38/2021 എന്നീ നമ്പറുകളിലുള്ള കേസുകളിലാണ് ഇയാൾ സാക്ഷി. ഇതെല്ലാം തന്നെ വിവിധ മയക്കുമരുന്നുകളും കഞ്ചാവും ലഹരി ഉൽപ്പന്നങ്ങളും പിടികൂടിയ കേസാണ്.

നേരത്തെ, പേരുവെളിപ്പെടുത്താത്ത എൻ.സി.ബി ഉദ്യോഗസ്ഥന്‍റേതെന്ന പേരിൽ മന്ത്രി നവാബ് മാലിക് കത്ത് പുറത്തുവിട്ടിരുന്നു. സമീർ വാങ്കഡെ ബോളിവുഡ്​ സെലിബ്രിറ്റികളുടെ ഫോൺ ചോർത്തിയെന്ന് കത്തിൽ ആരോപിച്ചിരുന്നു. ഈ കത്തിലും ആദിൽ ഫസൽ ഉസ്മാനിയുടെ പേര് പരാമർശിക്കുന്നുണ്ട്. മയക്കുമരുന്ന് കച്ചവടക്കാരനാണ് ഉസ്മാനിയെന്നാണ് കത്തിൽ പറഞ്ഞിരുന്നത്. മറ്റൊരാളെ കേസിൽ പെടുത്താൻ 60 ഗ്രാം ലഹരിമരുന്ന് ഇയാളിൽ നിന്ന് വാങ്ങിയെന്നും കത്തിൽ പറഞ്ഞിരുന്നു.

ഉസ്മാനിയെ കൂടാതെ മറ്റ് രണ്ട് പേരെ കൂടി എൻ.സി.ബി മുമ്പ് സാക്ഷികളാക്കിയിട്ടുണ്ട്. ഷഹബാസ് മൻസൂരി എന്നയാൾ മുമ്പ് നാല് കേസിലും, ഫ്ലെച്ചർ പട്ടേൽ എന്നയാൾ മുമ്പ് മൂന്ന് കേസിലും സാക്ഷിയാണ്. ഫ്ലെച്ചർ പട്ടേലിന്‍റെ പേരും നവാബ് മാലിക് പുറത്തുവിട്ട കത്തിലുണ്ടായിരുന്നു. എന്നാൽ, താൻ സൈന്യത്തിൽ നിന്ന് വിരമിച്ചയാളാണെന്നും സർക്കാർ ഏജൻസികളെ സഹായിക്കുകയുമാണെന്നാണ് പട്ടേൽ മാധ്യമങ്ങളോട് പറഞ്ഞത്.

സയ്യിദ് സുബൈർ അഹമ്മദ്, അബ്ദുൽ റഹ്മാൻ ഇബ്രാഹിം എന്നീ സാക്ഷികൾ രണ്ട് കേസുകളിൽ മുമ്പ് സാക്ഷികളായിട്ടുണ്ട്.

അതേസമയം, മയക്കുമരുന്ന് കേസുകളിൽ സാക്ഷി പറയാൻ ആളുകൾ മടിക്കുന്നതിനാൽ പലപ്പോഴും ഒരേ സാക്ഷികളെയാണ് പരിശോധനകൾക്കിടെ ഒപ്പം കൂട്ടാറെന്നാണ് എൻ.സി.ബി‍യുടെ വിശദീകരണം. മിക്ക റെയ്ഡുകളും രാത്രിയിൽ നടക്കുന്നതിനാൽ സാക്ഷികളെ കണ്ടെത്തുക പ്രയാസമാണെന്നും ഉദ്യോഗസ്ഥർ പറയുന്നു. മറ്റ് ഏജൻസികളും ഇതേ രീതിയാണ് സ്വീകരിക്കാറെന്ന് സാക്ഷികളെ പരിശോധിച്ചാൽ വ്യക്തമാകുമെന്നും എൻ.സി.ബിയെ മാത്രം എന്താണ് കുറ്റപ്പെടുത്തുന്നതെന്നും േപരു വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥൻ ചോദിക്കുന്നു. 

Tags:    
News Summary - Aryan Khan case: NCB used same witness in five other cases since last year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.