ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തോൽവി അംഗീകരിക്കുന്നുവെന്നും ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നും ആം ആദ്മി പാർട്ടി (എ.എ.പി) കൺവീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. ഡൽഹിയിലെ ജനങ്ങൾക്കായി ഇനിയും പ്രവർത്തിക്കുമെന്നും ബി.ജെ.പി അവരുടെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ പാലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെജ്രിവാൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
“ജനവിധിയെ ഏറ്റവും വിനയത്തോടെ അംഗീകരിക്കുന്നു. തെരഞ്ഞെടുപ്പിൽ വിജയിച്ച ബി.ജെ.പിയെ അംഗീകരിക്കുന്നു. വോട്ട് ചെയ്ത ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ അവർ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ പത്ത് വർഷമായി ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം ഉൾപ്പെടെയുള്ള മേഖലകളിൽ ഞങ്ങൾ ഒരുപാട് മുന്നേറ്റം കൊണ്ടുവന്നു. ഞങ്ങൾ ക്രിയാത്മക പ്രതിപക്ഷമാകുന്നതോടൊപ്പം ജനങ്ങൾക്കൊപ്പം നിൽക്കുകയും അവർക്കായി സേവനം നൽകുകയും ചെയ്യും” -കെജ്രിവാൾ പറഞ്ഞു.
അതേസമയം തെരഞ്ഞെടുപ്പിൽ എ.എ.പി കനത്ത തിരിച്ചടിയാണ് നേരിട്ടത്. 70ൽ 47 സീറ്റിലും ബി.ജെ.പി മുന്നേറുകയാണ്, മറ്റിടങ്ങളിൽ എ.എ.പി മുന്നേറുന്നുണ്ടെങ്കിലും കെജ്രിവാളും സിസോദിയയും ഉൾപ്പെടെ പ്രമുഖ നേതാക്കൾ തോൽവി ഏറ്റുവാങ്ങി. കോൺഗ്രസിന് ഒറ്റ സീറ്റിലും ജയിക്കാനായില്ല. ന്യൂഡൽഹി മണ്ഡലത്തിൽ പർവേഷ് വർമയോടാണ് കെജ്രിവാൾ തോറ്റത്. ഡൽഹി മുൻ മുഖ്യമന്ത്രി സാഹിബ് സിങ് വർമയുടെ മകനാണ് പർവേഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.