സഹകരണ പ്രതിസന്ധി: കേരളത്തിന് ഇളവ് നല്‍കും –ധനമന്ത്രി

ന്യൂഡല്‍ഹി: കറന്‍സി നിരോധനം മൂലം കേരളത്തിലെ സഹകരണ മേഖലയിലുണ്ടായ പ്രതിസന്ധി നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവുകള്‍ അനുവദിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ‘മാധ്യമ’ത്തോട് പറഞ്ഞു. കേരളത്തിലെ സഹകരണ ബാങ്കുകള്‍ക്ക് ഇളവ് നല്‍കുന്നത് സംബന്ധിച്ച് നബാര്‍ഡ് ചെയര്‍മാനുമായി ബുധനാഴ്ച രാവിലെ പ്രത്യേക ചര്‍ച്ച നടത്തിയെന്നും അദ്ദേഹം വെളിപ്പെടുത്തി. സഹകരണമേഖലയിലെ  പ്രതിസന്ധി പരിഹരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടതിന്‍െറ അടിസ്ഥാനത്തിലാണ് നടപടിയെന്നും ജെയ്റ്റ്ലി വ്യക്തമാക്കി.

കറന്‍സി നിരോധനം കേരളത്തിലെ സഹകരണമേഖലയില്‍ സൃഷ്ടിച്ച പ്രശ്നങ്ങള്‍ സംബന്ധിച്ച് പിണറായി വിജയന്‍ തന്നെ ധരിപ്പിച്ചുവെന്നും ഇത് ബോധ്യപ്പെട്ടിട്ടുണ്ടെന്നും ധനമന്ത്രി വിശദീകരിച്ചു. മുഖ്യമന്ത്രി മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ ധനമന്ത്രാലയത്തിന്‍െറ പരിഗണനയിലാണ്. പ്രതിസന്ധി പരിഹരിക്കുന്നതില്‍ അനുഭാവപൂര്‍ണമായ സമീപനം കേന്ദ്ര സര്‍ക്കാറിന്‍െറ ഭാഗത്തുനിന്നുണ്ടാകും. ഇതിന്‍െറ ഭാഗമായി കേരളത്തിലെ സഹകരണ ബാങ്കുകള്‍ക്ക് ചില ഇളവുകള്‍ അനുവദിക്കും. ഘട്ടം ഘട്ടമായിട്ടായിരിക്കും ഇളവുകള്‍ നല്‍കുക. സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ചവര്‍ക്ക് പ്രയാസമുണ്ടാകരുതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. പ്രത്യേകിച്ചും കാര്‍ഷിക മേഖലകളില്‍  ഫണ്ടിന്‍െറ പോരായ്മയാണ് ആദ്യം പരിഹരിക്കുക.

കേരളത്തിലെ സഹകരണ ബാങ്കുകള്‍ക്ക് എന്തൊക്കെ ഇളവുകള്‍ നല്‍കാമെന്ന വിഷയം ബുധനാഴ്ച നബാര്‍ഡ് ചെയര്‍മാനുമായി ചര്‍ച്ച ചെയ്തുവെന്ന് ജെയ്റ്റ്ലി തുടര്‍ന്നു. കേരളത്തിലെ പ്രതിസന്ധി പരിഹരിക്കുന്നത് സംബന്ധിച്ച് മാത്രമായിരുന്നു ചര്‍ച്ച. ഈ ചര്‍ച്ചയുടെ അടിസ്ഥാനത്തിലായിരിക്കും റിസര്‍വ് ബാങ്ക് ഇളവുകള്‍ സംബന്ധിച്ച് തീരുമാനമെടുക്കുക.

ഉത്തരേന്ത്യയില്‍ റാബി കൃഷിക്ക് ഇളവ് നല്‍കിയ പോലെ കേരളത്തിലും കര്‍ഷകര്‍ക്കാണ് ആദ്യം ഇളവ് നല്‍കുക. സഹകരണമേഖലക്ക് സര്‍ക്കാര്‍ ഇളവ് നല്‍കാന്‍ തീരുമാനിച്ചതിന്‍െറ അടിസ്ഥാനത്തിലാണ് നബാര്‍ഡ് വഴി 21,000 കോടി രൂപ സഹകരണ സംഘങ്ങള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കേരളത്തിലും ഇപ്പോഴുണ്ടായ പ്രതിസന്ധി താല്‍ക്കാലികം മാത്രമാണ്. അത് തീരുംവരെ മാത്രമേ പരിഹാര നടപടികള്‍ ആവശ്യമായി വരുകയുള്ളൂ.  പ്രതിസന്ധി തീരുന്നതോടെ കേരളത്തിലെ സഹകരണ മേഖല പൂര്‍വാധികം ശക്തിയാര്‍ജിക്കുമെന്നും അരുണ്‍ ജെയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - arun jaitley

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.