ന്യൂഡൽഹി: ഏകദേശം 7,25,000 ഇന്ത്യക്കാർ അമേരിക്കയിൽ അനധികൃതമായി കഴിയുന്നതായി റിപ്പോർട്ട്. പേവ് റിസർച്ച് സെന്‍ററിന്‍റെ കണക്കുകൾ പ്രകാരം അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. മെക്സിക്കോയും എൽസാൽവദോറും ആണ് അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തിൽ ഒന്നും രണ്ടും സ്ഥാനത്ത്.
നാടുകടത്താനായി കണ്ടെത്തിയ 15 ലക്ഷം അധികൃത കുടിയേറ്റക്കാരിൽ 18,000 പേർ മതിയായ രേഖകൾ ഇല്ലാത്ത ഇന്ത്യൻ പൗരന്മാരാണെന്നാണ് യു.എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്‍റിന്‍റെ (ഐ.സി.ഇ) പ്രാഥമിക കണ്ടെത്തൽ.
അതിനിടെ, അനധികൃത കുടിയേറ്റക്കാരായ 205 ഇന്ത്യക്കാരുമായി പുറപ്പെട്ട അമേരിക്കൻ സൈനിക വിമാനം എത്തുക പഞ്ചാബിലെ അമൃത്സറിൽ. സാന്‍റിയാഗോയിൽ നിന്ന് പുറപ്പെട്ട യു.എസ് വ്യോമസേനയുടെ സി-17 വിമാനം അമൃത്സർ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യും. തുടർനടപടികൾ പൂർത്തിയാക്കി പൗരന്മാരെ ഇന്ത്യക്ക് കൈമാറാനാണ് യു.എസ് തീരുമാനം. അതേസമയം, യാത്രക്കിടെ ഇന്ധനം നിറക്കാനായി ജർമനിയിലെ റാംസ്റ്റീനിൽ വിമാനം ഇറങ്ങുമെന്നും വിവരമുണ്ട്.
ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്‍റ് പദവയിൽ എത്തിയതിന് പിന്നാലെ അനധികൃത കുടിയേറ്റക്കാർക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരെ സൈനിക വിമാനത്തിൽ മടക്കി അയച്ചിട്ടുണ്ട്. ടെക്സസിലെ എൽ പാസോ, കാലിഫോർണിയയിലെ സാൻ ഡീഗോ എന്നിവിടങ്ങളിലുള്ള 5,000ലധികം കുടിയേറ്റക്കാരെ വിമാനമാർഗം സ്വദേശത്തേക്ക് എത്തിക്കും.
യു.എസ് -മെക്സിക്കോ അതിർത്തിയിൽ കൂടുതൽ സൈനികരെ വിന്യസിക്കുക, പിടിയിലായ കുടിയേറ്റക്കാരെ നാടുകടത്താൻ സൈനിക വിമാനങ്ങൾ ഉപയോഗിക്കുക, ഇവരെ പാർപ്പിക്കാൻ സൈനിക താവളങ്ങൾ തുറക്കുക തുടങ്ങിയ നീക്കങ്ങളും സൈന്യത്തിന്റെ സഹായത്തോടെ ട്രംപ് സ്വീകരിക്കുന്നുണ്ട്.
ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റത്തെ കുറിച്ചുള്ള ആശങ്കകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ എന്നിവരോട് ട്രംപും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ചൂണ്ടിക്കാട്ടിയിരുന്നു. ‘അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നത് കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യ ശരിയായ നടപടി സ്വീകരിക്കും, പ്രധാനമന്ത്രി മോദിയുമായി ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ട്’ - എന്ന് ട്രംപ് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.
രേഖകളില്ലാത്ത ഇന്ത്യൻ പൗരന്മാരുടെ നിയമാനുസൃത തിരിച്ചുവരവിന് രാജ്യം എപ്പോഴും വാതിൽ തുറന്നിട്ടിട്ടുണ്ടെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം. നാടുകടത്തലിന് അർഹതയുള്ളവരുടെ രേഖകൾ പരിശോധിക്കുന്നുണ്ടെന്നും അത്തരം വ്യക്തികളുടെ കൃത്യമായ എണ്ണം നിർണയിക്കുമെന്നും എസ്. ജയ്ശങ്കർ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.