അഹ്മദാബാദ്: ഭാര്യയുടെ ചിതാഭസ്മം സ്വന്തം ഗ്രാമത്തിലെ നർമദ നദിയിലൊഴുക്കുക എന്ന പ്രിയതമയുടെ അന്ത്യാഭിലാഷം സാധിച്ചുകൊടുക്കുന്നതിനാണ് അർജുൻ മനുഭായ് പട്ടോലിയ (36) ദിവസങ്ങൾക്ക് മുൻപ് ഇന്ത്യയിലെത്തിയത്. തങ്ങളുടെ നാലും എട്ടും വയസുള്ള മക്കളെ ലണ്ടനിലെ വീട്ടിൽ തനിച്ചാക്കി വരുമ്പോഴോ അവരുടെ പക്കലെത്താനായി കഴഞ്ഞ ദിവസം വിമാനത്തിൽ കയറുമ്പോഴോ അർജുൻ ഒരിക്കലും കരുതിയിരുന്നില്ല പിതാവും മാതാവും ഇല്ലാതെ അവർ തികച്ചും അനാഥരായിത്തീരുമെന്ന്.
അർജുൻ-ഭാരതി ദമ്പതികൾ രണ്ടു പെൺമക്കളോടൊപ്പം ലണ്ടനിലാണ് ജീവിച്ചിരുന്നത്. കഴിഞ്ഞ ആഴ്ചയാണ് ഭാര്യ ഭാരതി മരിച്ചത്. സ്വന്തം ഗ്രാമത്തിലൂടെ ഒഴുകുന്ന നർമദ നദിയിൽ ചിതാഭസ്മം ഒഴുക്കുക എന്നതായിരുന്നു ഭാരതിയുടെ അന്ത്യാഭിലാഷം. അതിനുവേണ്ടി മാത്രമാണ് അർജുൻ ദിവസങ്ങൾക്ക് മുൻപ് ഗുജറാത്തിലെ അമ്രേലി ജില്ലയിലെ വാഡിയയിലെത്തിയത്.
ഭാരതിയുടെ അന്ത്യകർമങ്ങൾ കഴിഞ്ഞതിനുശേഷം കഴിഞ്ഞ ദിവസം ലണ്ടനിലേക്ക് അഹ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് എ1-171 ബോയിങ് 787-8ൽ യാത്ര തിരിച്ചതായിരുന്നു അർജുൻ. അർജുന്‍റെ മരണവാർത്തഞെട്ടലിലാണ് അർജുന്‍റെ കുടുംബം. ഒരാഴ്ചക്കിടെ മാതാവിനെയും പിതാവിനെയും നഷ്ടപ്പെട്ട നാലും എട്ടും വയസുള്ള പെൺകുട്ടികളെ എന്ത് പറഞ്ഞാശ്വസിപ്പിക്കുമെന്ന് അറിയാത്ത ആശങ്കയിലാണ് കുടുംബവും സുഹൃത്തുക്കളും.
അതേ സമയം, അഹ്മദാബാദ് അപകടത്തിൽ തകർന്ന വിമാനത്തിന്റെ ബ്ലാക് ബോക്സ് കണ്ടെത്തി. നിർണായകമായ ബ്ലാക് ബോക്സ്, ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ എന്നിവ കണ്ടെത്തിയെന്നാണ് സ്ഥിരീകരണം. സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ആണ് ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയിരിക്കുന്നത്. അപകടത്തെക്കുറിച്ചുള്ള കാരണം കണ്ടെത്തുന്നതിന് ബ്ലാക് ബോക്‌സ് നിര്‍ണായകമാണ്. ഡിജിറ്റല്‍ ഫ്‌ളൈറ്റ് ഡേറ്റാ റെക്കോര്‍ഡറും കിട്ടിയെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അഹമ്മദാബാദില്‍ ഡോക്ടര്‍മാരുടെ ഹോസ്റ്റലിന് മുകളില്‍ നിന്നാണ് ബ്ലാക് ബോക്‌സ് കണ്ടെത്തിയത്. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ(എ.ഐ.ബി) സംഘമാണ് ബ്ലാക് ബോക്‌സ് കണ്ടെത്തിയത്.
വിമാനാപകടത്തിനു കാരണം എന്താണെന്ന് മനസ്സിലാക്കാൻ നിർണായകമാവുക ബ്ലാക്ക് ബോക്സാണ്. വിമാനത്തിന്റെ ഡാറ്റ റെക്കോർഡറും കോക്പിറ്റ് വോയിസ് റെക്കോർഡറും ബ്ലാക്ക് ബോക്സിലാണ്. കടും ഓറഞ്ച് നിറമായതിനാൽ ഈ ബോക്സുകൾ എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയും. ഹെലികോപ്റ്ററോ വിമാനമോ അപകടത്തിൽപ്പെട്ടാൽ അതിനെപ്പറ്റിയുള്ള അന്വേഷണങ്ങൾക്ക് സഹായകരമാകുന്നത് ബ്ലാക്ക് ബോക്‌സുകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളാണ്. കോക്ക്പിറ്റ് ശബ്ദത്തിൽ നിന്ന് ലഭിക്കുന്ന സൂചനകൾ സംരക്ഷിക്കാനും അത് വിശകലനം ചെയ്ത് അപകടത്തിനിരയാക്കിയ സാഹചര്യങ്ങളെക്കുറിച്ച് പഠിക്കാനും ഇത് സഹായിക്കുന്നു. ഭാവിയിൽ സമാനമായ അപകടങ്ങൾ തടയാനും ഇത് ഉപകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.