ഹൈദരാബാദ്: വീണ്ടും തൈര് ചോദിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് റസ്റ്റാറന്‍റ് ഉടമയും ജീവനക്കാരും യുവാവിനെ തല്ലിക്കൊന്നു. പഞ്ചാബ് ഗുട്ടയിലെ മെറിഡിയൻ റസ്റ്റാറന്‍റിലാണ് സംഭവം. ചന്ദ്രയാൻഗുട്ടയിലെ ഹഷ്മതാബാദ് സ്വദേശി മുഹമ്മദ് ലിയാഖത്ത് (31) ആണ് മരിച്ചത്.
മുഹമ്മദ് ഞായറാഴ്ച രാത്രി 11ഓടെ സുഹൃത്തിനൊപ്പം അത്താഴം കഴിക്കാൻ റസ്റ്റാറന്‍റിൽ എത്തിയതായിരുന്നു. വീണ്ടും തൈര് ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ അവഗണിച്ചതാണ് തർക്കത്തിന് കാരണമായത്. പിന്നാലെ റസ്റ്റാറന്‍റ് മാനേജറും മറ്റ് ജീവനക്കാരും ചേർന്ന് മുഹമ്മദിനെ മർദിക്കുകയായിരുന്നു.
പൊലീസിന്റെ പ്രതികരണം തൃപ്തികരമായിരുന്നില്ലെന്ന് മുഹമ്മദിന്‍റെ കുടുംബാംഗങ്ങൾ മൊഴി നൽകി. മുഹമ്മദിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ പൊലീസ് സൗകര്യം ചെയ്തില്ലെന്നും മോശമായി പെരുമാറിയെന്നും അവർ ആരോപിച്ചു. കൂടാതെ തങ്ങളെ ഹോട്ടലിൽനിന്ന് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും അവിടെവെച്ച് ഒരു സബ് ഇൻസ്‌പെക്ടർ മുഹമ്മദിനെ വീണ്ടും മർദിച്ചതായും സുഹൃത്ത് പറഞ്ഞു.
മുഹമ്മദിന്റെ നില കൂടുതൽ വഷളായതോടെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. പഞ്ചഗുട്ട പൊലീസ് സ്റ്റേഷനിൽ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.