''രോഗാതുരമായ മനസിൽ നിന്നേ അത്തരം ജൽപനങ്ങൾ ഉണ്ടാവൂ​'​' -അമിത് ഷാക്കെതിരെ ആഞ്ഞടിച്ച് ജയ്റാം രമേഷ്

ന്യൂഡൽഹി: രാമക്ഷേത്രത്തിന് പ്രധാനമന്ത്രി ശിലയിട്ടതിന്റെ വാർഷികത്തിൽ തന്നെ കറുത്ത വസ്ത്രം ധരിച്ച് കോൺഗ്രസ് പ്രതിഷേധം നടത്തിയത് കരുതിക്കൂട്ടിയാണെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വിമർശനത്തിന്  മറുപടിയുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷ്. രോഗാതുരമായ മനസിൽ നിന്നു മാത്രമേ ഇത്തരം ജൽപനങ്ങൾ വരികയുള്ളൂവെന്നും പ്രതിഷേധം കേന്ദ്രത്തിന് പ്രഹരം നൽകി എന്നതിന്റെ കൃത്യമായ തെളിവാണിതെന്നുമായിരുന്നു ജയ്റാം രമേഷിന്റെ മറുപടി. വിലക്കയറ്റിനും തൊഴിലില്ലായ്മക്കും ജി.എസ്.ടിക്കുമെതിരായ കോൺഗ്രസ് പ്രതിഷേധം കേന്ദ്ര ആഭ്യന്തരമന്ത്രി മനപ്പൂർവം രാമക്ഷേത്രനിർമാണവുമായി ബന്ധപ്പെടുത്തി വളച്ചൊടിക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

അവശ്യസാധനങ്ങളുടെ വിലവര്‍ധനവ്, തൊഴിലില്ലായ്മ, ജി.എസ്.ടി. എന്നിവയ്‌ക്കെതിരെ കോണ്‍ഗ്രസ് ഡല്‍ഹിയില്‍ സംഘടിപ്പിച്ച പ്രതിഷേധസമരത്തെ അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെടുത്തിയാണ് അമിത് ഷാ വിമർശിച്ചത്. രാമക്ഷേത്ര നിർമാണത്തിന് തറക്കല്ലിട്ടതിന്‍റെ വാർഷിക ദിനത്തില്‍ സമരം നടത്താന്‍ തീരുമാനിച്ചത് കോണ്‍ഗ്രസ് രാം മന്ദിരത്തെ എതിർക്കുന്നതുകൊണ്ടാണെന്നായിരുന്നു അമിത് ഷായുടെ ആരോപണം.

​'ഈ ദിവസം തന്നെ പ്രതിഷേധത്തിന് തിരഞ്ഞെടുത്തതിലൂടെയും കറുത്ത വസ്ത്രം അണിഞ്ഞതിലൂടെയും വ്യക്തമായ സന്ദേശമാണ് കോൺഗ്രസ് നൽകുന്നത്. കോൺഗ്രസിന്റെ പ്രീണന രാഷ്ട്രീയം വ്യക്തമാക്കുന്നതാണ് ഈ പ്രതിഷേധം. കാരണം, ഇന്നത്തെ ദിവസത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാമക്ഷേത്ര നിർമാണത്തിന് അടിത്തറയിട്ടത്'- എന്നായിരുന്നു പരാമർശം. പാർലമെന്റിനു പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു അമിത് ഷായുടെ വിമർശനം.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഗാന്ധി കുടുംബത്തിന് നാഷണൽ ഹെറാൾഡ് കേസിൽ പുതിയ നോട്ടീസൊന്നും നൽകാത്ത സാഹചര്യത്തിലാണ് ഇന്നത്തെ പ്രതിഷേധമെന്നും അമിത് ഷാ പരിഹസിക്കുകയും ചെയ്തു. രാജ്യത്തെ എല്ലാവർക്കും നിയമം ബാധകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2020 ആഗസ്റ്റ് അഞ്ചിനാണ് പ്രധാനമന്ത്രി  അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് തറക്കല്ലിട്ടത്.    

Tags:    
News Summary - Argument of a sick mind, clearly stir has hit home’: Jairam on Shah’s appeasement jibe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.