പൗരത്വ സമരം: ഷർജീൽ ഇമാമിന്‍റെ ജാമ്യാപേക്ഷ ഡൽഹി കോടതി തള്ളി

ന്യൂഡൽഹി: പൗരത്വ സമരത്തിൽ നടത്തിയ പ്രസംഗങ്ങളുടെ പേരിൽ ദേശദ്രോഹ കുറ്റമടക്കം ചുമത്തി ജയിലിൽ അടക്കപ്പെട്ട ജെ.എൻ.യു വിദ്യാർഥി ഷർജീൽ ഇമാമിന്‍റെ ഇടക്കാല ജാമ്യാപേക്ഷ ഡൽഹി കോടതി തള്ളി. ഇടക്കാല ജാമ്യം അനുവദിക്കാൻ മതിയായ കാരണമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഡീഷനൽ സെഷൻസ് കോടതി ജഡ്ജി അമിതാഭ് റാവത്ത് ജാമ്യാപേക്ഷ തള്ളിയത്.

ജാമ്യത്തിനുള്ള വ്യവസ്ഥകൾ പാലിക്കുകയും സാക്ഷികളെ സ്വാധീനിക്കാനോ, തെളിവുകൾ നശിപ്പിക്കാനോ ശ്രമിച്ചില്ലെന്നും ഷർജീലിന്‍റെ അഭിഭാഷകൻ അഹ്മദ് ഇബ്രാഹിം കോടതിയിൽ പറഞ്ഞു. അക്രമ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുന്നതിന് ഇമാം ബോധപൂർവം ആഹ്വാനം ചെയ്തിട്ടില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. എന്നാൽ, ജാമ്യാപേക്ഷയെ എതിർത്ത പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടർ, കുറ്റത്തിന്റെ ഗൗരവം കോടതി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.

തുടർന്നാണ് കോടതി ഷർജീലിന്‍റെ ജാമ്യാപേക്ഷ തള്ളിയത്. നേരത്തെ, ജാമ്യം തേടി വിചാരണ കോടതിയെ സമീപിക്കാൻ ഡൽഹി ഹൈകോടതി അനുമതി നൽകിയിരുന്നു. പൗരത്വ സമരത്തിൽ ജാമിഅ മില്ലിയ, അലീഗഢ് സർവകലാശാലകൾക്ക് സമീപം നടത്തിയ പ്രസംഗങ്ങളുടെ പേരിലാണ് ഷർജീലിനെതിരെ കേസെടുത്തത്. 2020 ജനുവരി മുതൽ ഷർജീൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. 

Tags:    
News Summary - Anti-CAA protests: Delhi court rejects interim bail of Sharjeel Imam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.