രാജസ്ഥാനിലെ കോട്ടയിൽ നീറ്റ് പരിശീലനത്തിനെത്തിയ ഒരു വിദ്യാർഥി കൂടി ആത്മഹത്യ ചെയ്തു

ജയ്പൂർ: മത്സര പരീക്ഷാപരിശീലനത്തിന് പേരുകേട്ട രാജസ്ഥാനിലെ കോട്ടയിൽ വിദ്യാർഥി ആത്മഹത്യ ചെയ്തു. നീറ്റ് പരീക്ഷക്ക് തയാറെടുക്കുകയായിരുന്ന ലഖ്നോ സ്വദേശിനി സൗമ്യ (19) ആണ് ആത്മഹത്യ ചെയ്തത്. താമസസ്ഥലത്തെ മുറിയിലെ സീലിങ് ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

കഴിഞ്ഞ രണ്ടു ദിവസമായി ഫോൺ കാളുകൾക്കും മെസ്സേജുകൾക്കും മറുപടിയില്ലാത്തതിനെ തുടർന്ന് ബുധനാഴ്ച രാത്രി സൗമ്യയുടെ സുഹൃത്ത് മുറിയുടെ വാതിൽ തള്ളിത്തുറന്നപ്പോൾ സൗമ്യയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതോടെ ഈ വർഷം രാജസ്ഥാനിൽ മാത്രം ആത്മഹത്യ ചെയ്ത നീറ്റ് വിദ്യാർഥികളുടെ എണ്ണം എട്ട് ആയി. മൂന്ന് ദിവസം മുമ്പ് കോട്ടയിൽ മറ്റൊരു നീറ്റ് വിദ്യാർഥിയും ആത്മഹത്യ ചെയ്തിരുന്നു. മൃതദേഹം മഹാറാവു ഭീം സിങ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

നൂറുകണക്കിന് മത്സരപരീക്ഷ പരിശീലന കേന്ദ്രമുള്ള കോട്ടയിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികളെത്തുന്നുണ്ട്. പൊലീസ് നിർദേശ പ്രകാരം കുട്ടികളുടെ താമസസ്ഥലങ്ങളിൽ പലയിടത്തും സീലിങ് ഫാനുകളിൽ ആത്മഹത്യ തടയുന്ന ഉപകരണം സ്ഥാപിച്ചിട്ടുണ്ട്. വിദ്യാർഥി ആത്മഹത്യകൾ വർധിച്ചതോടെ കുട്ടികളുടെ ദിനചര്യയിൽ മാനസികോല്ലാസം നൽകുന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുത്താനും പഠന സമയം കുറയ്ക്കാനും സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാനും കോച്ചിങ് കേന്ദ്രങ്ങൾക്ക് ഉന്നതതല കമ്മിറ്റി നിർദേശം നൽകിയിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ: 1056, 0471-2552056)

Tags:    
News Summary - Another student committed suicide in Rajasthan's Kota for NEET training

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.