പുതുച്ചേരിയിൽ അഞ്ച് വയസ്സുകാരിക്ക് എച്ച്.എം.പി.വി; ആരോഗ്യനില തൃപ്തികരം

ചെന്നൈ: പുതുച്ചേരിയിൽ അഞ്ച് വയസ്സുകാരിക്ക് എച്ച്.എം.പി.വി സ്ഥിരീകരിച്ചു. കുട്ടി ചികിത്സയിൽ തുടരുകയാണ്. പനി, ചുമ, മൂക്കൊലിപ്പ് എന്നീ ലക്ഷണങ്ങളുമായാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് പുതുച്ചേരി ആരോഗ്യ ഡയറക്ടർ വി. രവിചന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. കുട്ടി സുഖം പ്രാപിച്ചു വരുന്നതായും എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പുതുച്ചേരിയിൽ കഴിഞ്ഞയാഴ്ച ആദ്യത്തെ എച്ച്.എം.പി.വി സ്ഥിരീകരിച്ചിരുന്നു. മൂന്നുവയസ്സുള്ള കുട്ടിക്കാണ് രോഗം റിപ്പോർട്ട് ചെയ്തത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ കുട്ടിയെ ശനിയാഴ്ച ഡിസ്ചാർജ് ചെയ്തു. വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പുതുച്ചേരി ഭരണകൂടം എല്ലാ നടപടികളും സ്വീകരിച്ചതായി ഡയറക്ടർ അറിയിച്ചു.

കടുത്ത ചുമ, മൂക്കൊലിപ്പ്, അടഞ്ഞ മൂക്ക്, പനി, തൊണ്ടവേദന എന്നിവയാണ് എച്ച്.എം.പി.വിലക്ഷണങ്ങള്‍. രോഗബാധിതരായ വ്യക്തികളുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയോ മലിനമായ ചുറ്റുപാടുകളുമായുള്ള സമ്പര്‍ക്കത്തിലൂടെയോ ഇത് പകരാം. മൂന്ന് മുതല്‍ അഞ്ച് ദിവസം വരെയാണ് വൈറസിന്റെ ഇന്‍കുബേഷന്‍ കാലയളവ്. ശൈത്യകാലത്തും വസന്തകാലത്തുമാണ് ഏറ്റവും കൂടുതല്‍ വ്യാപിക്കുന്നത്.

ന്യൂമോവിരിഡേ കുടുംബത്തിലെ മെറ്റാന്യൂമോ വര്‍ഗത്തില്‍പെട്ട വൈറസാണിത്. ശ്വാസകോശ അണുബാധയുള്ള കുട്ടികളില്‍ നിന്നുള്ള സാമ്പിളുകള്‍ പഠിക്കുന്നതിനിടെ 2001ല്‍ ഡച്ച് ഗവേഷകർ ആദ്യമായി കണ്ടെത്തി. പ്രായമായവരും കുട്ടികളും പ്രതിരോധശക്തി കുറഞ്ഞവരുമാണ് അപകടസാധ്യതാ വിഭാ​ഗത്തിലുള്ളത്. ബംഗളൂരുവിൽ എട്ടു മാസം പ്രായമുള്ള ആൺകുഞ്ഞിനാണ് ഇന്ത്യയിൽ ആദ്യമായി വൈറസ് ബാധ സ്ഥിരീകരിച്ചത്.

അതേസമയം എച്ച്.എം.പി.വി ബാധയിൽ വിശദീകരണവുമായി ചൈന രംഗത്തെത്തിയിരുന്നു. ഉത്തര ചൈനയിൽ  രോഗബാധയുടെ നിരക്ക് കുറയുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. 

Tags:    
News Summary - Another child tests positive for HMPV in Puducherry, undergoing treatment in JIPMER

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.