അണ്ണാമലൈ
ചെന്നൈ: തമിഴ്നാട് ബി.ജെ.പിയുടെ മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ ആരംഭിച്ച പുതിയ ജനകീയ പ്രസ്ഥാനമായ 'വി ദ ലീഡേഴ്സ്' ഭാവിയിൽ ഒരു രാഷ്ട്രീയ പാർട്ടിയായി മാറുമെന്ന് പ്രഖ്യാപനം. മതം സംഘടനയുടെ പ്രവർത്തനപരിധിക്ക് പുറത്തായിരിക്കുമെന്നും തമിഴ്നാടിനെ വികസനത്തിന്റെ പാതയിൽ നയിക്കുകയാണ് പ്രസ്ഥാനത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
പൊള്ളാച്ചിയിൽ സംഘടിപ്പിച്ച 'ഡ്രഗ്-ഫ്രീ പൊള്ളാച്ചി അവബോധ സമ്മേളനത്തിൽ' സംസാരിക്കവെയാണ് അണ്ണാമലൈ പുതിയ പ്രസ്ഥാനത്തിന്റെ ലക്ഷ്യങ്ങളും ഭാവി പദ്ധതികളും വിശദീകരിച്ചത്. "മതം ഈ സംഘടനയുടെ പരിധിക്ക് പുറത്താണ്. തമിഴ്നാടിനെ രാജ്യത്തെ മുൻനിര സംസ്ഥാനമാക്കുക എന്നതാണ് ഞങ്ങളുടെ രാഷ്ട്രീയം. ഉത്തരവാദിത്തമാണ് ഞങ്ങളുടെ തിരിച്ചറിയൽ. ഉചിതമായ സമയത്ത് 'വി ദ ലീഡേഴ്സ്' ഒരു രാഷ്ട്രീയ പാർട്ടിയായി മാറും" അണ്ണാമലൈ പറഞ്ഞു.
താൻ വ്യക്തിപരമായി ഒരു ഹിന്ദുവാണെങ്കിലും പൊതുജീവിതത്തിൽ ജാതിക്കും മതത്തിനും സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. "ഞാൻ ഒരു ഹിന്ദുവാണ്. എന്നാൽ വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോൾ എന്റെ ജാതിയും മതവും വീട്ടിൽ പൂട്ടിവെച്ചാണ് ഞാൻ ഇറങ്ങുന്നത്" എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. 'വി ദ ലീഡേഴ്സ്' ഒരു സാധാരണ രാഷ്ട്രീയ സംഘടനയെപ്പോലെ അംഗത്വം നൽകുന്ന പ്രസ്ഥാനമല്ലെന്നും ജനങ്ങൾക്കിടയിൽ നിന്ന് ഉയർന്നുവരുന്ന ഒരു കൂട്ടായ വേദിയാണിതെന്നും അണ്ണാമലൈ പറഞ്ഞു.
"ഈ പ്രസ്ഥാനത്തിലേക്ക് ചേരാൻ ഞാൻ ആരെയും ക്ഷണിച്ചിട്ടില്ല. 'വി ദ ലീഡേഴ്സ്' എന്ന പ്രസ്ഥാനത്തിൽ ഞാൻ നിങ്ങളിലൊരാളാണ്. അടുത്ത ആറുമാസത്തിനുള്ളിൽ 50 ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കാനുള്ള പദ്ധതി നടപ്പാക്കും" അദ്ദേഹം പറഞ്ഞു. സംഘടനയിൽ സ്ത്രീകളുടെയും യുവജനങ്ങളുടെയും ശക്തമായ സാന്നിധ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അണ്ണാമലൈ, പ്രസ്ഥാനത്തിലെ 17 ശതമാനം അംഗങ്ങൾ സ്ത്രീകളാണെന്നും, ഇവരിൽ 14 ശതമാനം പേർ 18 മുതൽ 25 വയസ്സ് വരെ പ്രായമുള്ളവരാണെന്നും പറഞ്ഞു. ആകെ അംഗങ്ങളിൽ 54 ശതമാനം പേരും 35 വയസ്സിന് താഴെയുള്ളവരാണെന്നും അദ്ദേഹം വ്യക്തമാക്കി.
2031-ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ യുവതലമുറ നിർണായക മാറ്റം സൃഷ്ടിക്കുമെന്ന് അണ്ണാമലൈ അഭിപ്രായപ്പെട്ടു. "2026-ലെ തെരഞ്ഞെടുപ്പിൽ ജനറേഷൻ ഇസഡ് മാറ്റത്തിന് തുടക്കമിട്ടു. 2031-ലും അവർ വലിയ രാഷ്ട്രീയ മാറ്റത്തിന് വഴിയൊരുക്കും," അദ്ദേഹം പറഞ്ഞു. 2026-ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി–എ.ഐ.എ.ഡി.എം.കെ സഖ്യം കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് അണ്ണാമലൈ ബി.ജെ.പിയിൽ നിന്ന് രാജിവച്ചത്. ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നവീന് രാജിക്കത്ത് നൽകിയ ശേഷമാണ് അദ്ദേഹം 'വി ദ ലീഡേഴ്സ്' എന്ന പുതിയ പ്രസ്ഥാനം പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.