അണ്ണാ സർവകലാശാല പീഡനം: പ്രതി ജ്ഞാനശേഖരൻ കുറ്റക്കാരനെന്ന് ചെന്നൈ കോടതി; ശിക്ഷാ വിധി ജൂൺ രണ്ടിന്

ചെന്നൈ: അണ്ണാ സർവകലാശാല കാമ്പസിനുള്ളിൽ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതി ജ്ഞാനശേഖരൻ കുറ്റക്കാരനെന്ന് ചെന്നൈ മഹിളാ കോടതി. പ്രോസിക്യൂഷന് കേസ് സംശയാതീതമായി തെളിയിക്കാനായെന്ന് കോടതി കണ്ടെത്തി.

ജൂൺ രണ്ടിന് കോടതി ശിക്ഷ വിധിക്കും. സർവകലാശാല പരിസരത്ത് തട്ടുകടയിൽ ബിരിയാണി വിൽപന നടത്തിയിരുന്ന കോട്ടൂർ സ്വദേശി ജ്ഞാനശേഖരൻ കഴിഞ്ഞ സിഡംബർ 23ന് രാത്രി സർവകലാശാല വളപ്പിലെ ലാബോറട്ടറി കെട്ടിടത്തിന് സമീപത്തു വെച്ചാണ് വിദ്യാർഥിനെ പീഡിപ്പിച്ചത്. രണ്ടാം വർഷ മെക്കാനിക്കൽ എഞ്ചിനീയറിങ് വിദ്യാർഥിനി കന്യാകുമാരി സ്വദേശിനിയാണ് പീഡിപ്പിക്കപ്പെട്ടത്.

സുഹൃത്തായ നാലാം വർഷ വിദ്യാർഥിക്കൊപ്പം നിൽക്കുമ്പോൾ അപരിചിതൻ യാതൊരു പ്രകോപനവുമില്ലാതെ ഇരുവരെയും മർദ്ദിക്കുകയായിരുന്നു. പുരുഷ സുഹൃത്ത് ഓടി രക്ഷപ്പെട്ടപ്പോൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതായാണ് പരാതി. പെൺകുട്ടി ഉപദ്രവിക്കരുതെന്ന് കരഞ്ഞ് അപേക്ഷിച്ചെങ്കിലും പ്രതി പിന്മാറിയില്ല. ഭാരതീയ ന്യായസംഹിതയുടെ 63, 64, 75 വകുപ്പുകൾ ചുമത്തിയാണ് ആർ.എ പുരം വനിത പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

പെൺകുട്ടിയുടെ സുഹൃത്തും സർവകലാശാല സുരക്ഷാ ജീവനക്കാരും ഉൾപ്പെടെ മുപ്പതോളം പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പ്രതിക്കെതിരെ ചെന്നൈയിലെ വിവിധ സ്റ്റേഷനുകളിലായി ഏഴ് ക്രിമിനൽ കേസുകളുണ്ട്. 

Tags:    
News Summary - Anna University Sexual Assault Case: Accused Gananesekara Declared Guilty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.