ആന്ധ്രാപ്രദേശിൽ ഏറ്റുമുട്ടൽ; കേന്ദ്ര കമ്മിറ്റി അംഗം ഉൾപ്പെടെ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

അമരാവതി: ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമ രാജു ജില്ലയിലെ മരേഡുമില്ലി വനത്തിൽ സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗം ഗജർല രവി ഉൾപ്പെടെ മൂന്ന് പേരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.

ഗജർല രവി എന്ന ഉദയ്‌ക്കൊപ്പം, മറ്റൊരു ഉന്നത മാവോയിസ്റ്റ് നേതാവ് അരുണ എന്ന രവി വെങ്കട ചൈതന്യയും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട മൂന്നാമന്‍റെ വിവരങ്ങൾ ലഭിച്ചിട്ടില്ല. ഒഡീഷ അതിർത്തിയിലുള്ള ഛത്തീസ്ഗഡിലെ ഗരിയബന്ദിൽ സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മറ്റൊരു കേന്ദ്ര കമ്മിറ്റി അംഗം പ്രതാപ്റെഡ്ഡി രാമചന്ദ്ര റെഡ്ഡി എന്ന ചലപതിയുടെ പങ്കാളിയായിരുന്നു അരുണ.

രവി ആന്ധ്ര-ഒഡീഷ ബോർഡർ സ്പെഷ്യൽ സോണൽ കമ്മിറ്റിയുടെ സെക്രട്ടറി കൂടിയാണ്. അരുണ കമ്മിറ്റി അംഗമാണ്. ആന്ധ്ര-ഒഡീഷ അതിർത്തികളിലെ മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന രണ്ട് മാവോയിസ്റ്റ് നേതാക്കളും ദേശീയ അന്വേഷണ ഏജൻസി (എൻ‌.ഐ‌.എ)യുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഉൾപ്പെട്ടിരുന്നു. രവിയുടെ തലക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

മാരേഡുമില്ലി പൊലീസ് പരിധിയിലുള്ള ദേവിപട്ടണം വനമേഖലയിലെ കൊണ്ടമോഡാലു ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ നടന്നതെന്ന് ആന്ധ്ര പൊലീസിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സുരക്ഷ സേന ഒരു ഓപ്പറേഷൻ ആരംഭിച്ചത്. ഏറ്റുമുട്ടൽ സ്ഥലത്ത് നിന്ന് മൂന്ന് എകെ -47 റൈഫിളുകളും മറ്റ് ആയുധങ്ങളും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.

Tags:    
News Summary - Andhra Pradesh: 3 Maoists including central committee member killed in encounter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.