ന്യൂഡൽഹി: ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയും വൈ.എസ്.ആർ.ടി.പി നേതാവുമായ വൈ.എസ്. ശർമിള തെലങ്കാനയിലെ വാറങ്കലിൽ അറസ്റ്റിൽ. പദയാത്രക്കിടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഭരണകക്ഷിയായ ടി.ആർ.എസിന്‍റെ എം.എൽ.എ പി. സുദർശനെതിരെ ആക്ഷേപപരമായ പരാമർശങ്ങൾ നടത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. ശർമിളയുടെ വാഹനത്തിന് നേരെ നേരത്തെ ആക്രമണമുണ്ടായിരുന്നു.
വൈ.എസ്.ആർ.ടി.പി പ്രവർത്തകർ ശർമിളയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ ചെറുക്കാൻ ശ്രമിക്കുകയും ടി.ആർ.എസ് സർക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഇവരെ നിയന്ത്രിക്കാൻ പൊലീസ് നേരിയ തോതിൽ ബലം പ്രയോഗിച്ചു.
അതേസമയം, തന്റെ ബസ് ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കാതെ എന്തിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് ശർമിള ചോദിച്ചു. പദയാത്രയിൽ ഇവർ വിശ്രമിക്കാൻ ഉപയോഗിച്ചിരുന്ന ബസ് ടി.ആർ.എസ് പ്രവർത്തകർ ആക്രമിക്കുകയും കത്തിക്കുകയും ചെയ്തിരുന്നു.
'കഴിഞ്ഞ 223 ദിവസമായി, ഞാനും എന്റെ പാർട്ടി നേതാക്കളും പ്രതിനിധികളും തെലങ്കാനയിലെ വിവിധ വിഭാഗം ജനങ്ങളുടെ ദുരിതം ഉയർത്തിക്കാട്ടുന്നതിനായി സമാധാനപരമായ പദയാത്ര നടത്തുകയാണ്. ഞങ്ങളുടെ വർധിച്ചുവരുന്ന ജനപ്രീതി മുഖ്യമന്ത്രി കെ.സി.ആറിനെയും അദ്ദേഹത്തിന്റെ പാർട്ടിക്കാരെയും ഞെട്ടിച്ചു.
അതിനാൽ എന്ത് വില കൊടുത്തും അവർ എന്നെ തടയാൻ ശ്രമിക്കുകയാണ്. പൊലീസുകാർ അവർക്കൊപ്പം നിന്ന് ഞങ്ങളെ ജനങ്ങളിലേക്കും അവരുടെ പ്രശ്നത്തിലേക്കും ഇറങ്ങി ചെല്ലാൻ തടസമുണ്ടാക്കുകയാണ്' -ശർമിള ആരോപിച്ചു.
സംസ്ഥാനത്തെ 75 നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്നുവന്ന പദയാത്ര 3500 കിലോമീറ്റർ പിന്നിട്ടു. നാല് മുനിസിപ്പൽ കോർപ്പറേഷനുകളിലും 208 മണ്ഡലങ്ങളിലും 61 മുനിസിപ്പാലിറ്റികളിലും 1863 ഗ്രാമങ്ങളിലും പദയാത്ര സഞ്ചരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.