ന്യൂഡൽഹി: നിയമഭേദഗതി വരുത്താൻ നിർദേശങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെട്ട് എം.പിമാർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ കത്തയച്ചു. ഇന്ത്യൻ ശിക്ഷാ നിയമം (ഐ.പി.സി), ക്രിമിനൽ നടപടി ചട്ടം (സി.ആർ.പി.സി), ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവയിൽ ഭേദഗതി വരുത്തുന്നതിനള്ള നിർദ്ദേശങ്ങൾ അറിയിക്കാനാണ് അമിത് ഷാ ആവശ്യപ്പെട്ടത്.
'സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്' എന്നതാണ് പ്രധാനമന്ത്രി ഉയർത്തുന്ന ആശയം. രാജ്യത്തെ പൗരന്മാർക്ക് പ്രത്യേകിച്ച് പിന്നോക്ക വിഭാഗക്കാർക്ക് വേഗത്തിൽ നീതി ലഭ്യമാക്കുന്നതിൽ പ്രതിജ്ഞാബദ്ധരാണ് കേന്ദ്രസർക്കാർ.
സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഏഴ് പതിറ്റാണ്ട് നീണ്ട ഇന്ത്യയുടെ ജനാധിപത്യ അനുഭവം ചില നിയമങ്ങളിൽ സമഗ്രമായ വിശകലനം ആവശ്യപ്പെടുന്നുണ്ട്. സമകാലിക ഇന്ത്യയെ അടിസ്ഥാനപ്പെടുത്തി ഈ നിയമങ്ങളിൽ മാറ്റം അനിവാര്യമാണ്. ഇതിനായി സുപ്രീം കോടതി, ഹൈക്കോടതി എന്നിവിടങ്ങളിലെ ചീഫ് ജസ്റ്റിസുമാർ, മുഖ്യമന്ത്രിമാർ, കേന്ദ്ര ഭരണ പ്രദേശങ്ങളുടെ അഡ്മിനിസ്ട്രേറ്റർമാർ, ബാർ കൗൺസിലുകൾ, നിയമ സർവകലാശാലകൾ എന്നിവയുടെ അഭിപ്രായം തേടിയതായും ഷാ അറിയിച്ചു. ഇന്ത്യയുടെ നിയമനിർമ്മാണത്തിൽ പാർലമെന്‍റ് പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അതിനാൽ എം.പിമാരുടെ അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്താകും മാറ്റങ്ങളെന്നും അമിത് ഷാ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.