ബംഗളൂരു: മാണ്ഡ്യ ജില്ലയിലെ ആദിചുഞ്ചനഗിരി മഠം സന്ദർശിക്കാനെത്തിയ ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ, മഠാധിപതിക്കു മുന്നിൽ കാലിന്മേൽ കാൽ കയറ്റി ഇരുന്നത് വിവാദമായി.
മഠാധിപതിയും വൊക്കലിഗ ആത്മീയ നേതാവുമായ നിർമലാനന്ദനാഥ സ്വാമിയുമായി സംസാരിക്കുന്നതിനിടെ കാലിന്മേൽ കാൽ കയറ്റി ഇരിക്കുന്ന ഷായുടെ പടങ്ങളാണ് നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. മഠാധിപതികളെ ബഹുമാനിക്കാത്ത ഷായുടെ പെരുമാറ്റത്തെ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ ചോദ്യംചെയ്തു. ഓൺലൈൻ മാധ്യമങ്ങളിലും ഷായെ വിമർശിച്ച് നിരവധിപേർ രംഗത്തെത്തി.
‘‘സ്വാമി ശൂദ്ര സമുദായത്തിൽപെട്ട ആളായതിനാലാണ് അദ്ദേഹത്തെ അപമാനിച്ചത്. സ്വാമി ബ്രാഹ്മണനായിരുന്നെങ്കിൽ ഷാ കാലിന്മേൽ കാൽ കയറ്റി ഇരിക്കില്ലെ’’ന്നും വിമർശകർ പറയുന്നു. സ്വാമിയുടെ മുന്നിൽ കാൽ കയറ്റിയിരുന്നത് ശരിയായില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. കോൺഗ്രസ് നേതാവും നടിയുമായ രമ്യ ഉൾപ്പെടെയുള്ള നേതാക്കളും ഫേസ്ബുക്കിലൂടെ ഷായുടെ പെരുമാറ്റത്തെ അപലപിച്ചു. സംസ്ഥാനത്തെ പ്രബല സമുദായമായ വൊക്കലിഗക്ക് മാണ്ഡ്യ, മൈസൂരു മേഖലകളിൽ വലിയ സ്വാധീനമുണ്ട്. വർഷങ്ങളായി വൊക്കലിഗ കോൺഗ്രസിനെയും പ്രാദേശിക പാർട്ടികളെയുമാണ് പിന്തുണക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.