ന്യൂഡൽഹി: നാഗാലാൻഡിൽ നടന്ന വെടിവെപ്പ് സംബന്ധിച്ച് പാർലമെന്‍റിൽ വിശദമായ ചർച്ച നടത്തണമെന്ന് പ്രതിപക്ഷം. പാർലമെന്‍റിന്‍റെ ഇരു സഭകളിലും പ്രതിപക്ഷ പാർട്ടികൾ ഇക്കാര്യം ഉന്നയിച്ചു. ചർച്ചക്ക് അനുമതി നിഷേധിച്ചതിൽ പ്രതിപക്ഷം പ്രതിഷേധിച്ചതോടെ രാജ്യസഭ 12 മണി വരെ നിർത്തിവെച്ചു. അതേസമയം, വിഷയത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിക്കുമെന്ന് സർക്കാർ അറിയിച്ചു.
നാഗാലാൻഡിൽ സുരക്ഷാസേന നടത്തിയ വെടിവെപ്പിൽ 14 പേർ കൊല്ലപ്പെട്ട സംഭവത്തിൽ പാർലമെന്‍റിന്‍റെ ഇരു സഭകളിലും അമിത് ഷാ പ്രസ്താവന നടത്തും. ലോക്സഭയിൽ മൂന്ന് മണിക്കും രാജ്യസഭയിൽ നാലുമണിക്കുമായിരിക്കും അമിത് ഷായുടെ പ്രസംഗം.
അതേസമയം, പ്രതിപക്ഷ പാർട്ടികളെല്ലാം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. നാഗാലാൻഡിൽ ദൗർഭാഗ്യകരമായ സംഭവമാണ് ഉണ്ടായതെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും അമിത് ഷാ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
നാഗാലാൻഡിലെ മോൺ ജില്ലയിൽ സൈന്യത്തിെൻറ വെടിയേറ്റ് 14 ഗ്രാമീണർ കൊല്ലപ്പെട്ടിരുന്നു. ഖനി തൊഴിലാളികളെ നാഗാ തീവ്രവാദികളെന്നു തെറ്റിദ്ധരിച്ചു വെടിവെച്ചെന്നാണ് സൂചന. വെടിവെപ്പിനെ തുടർന്നുണ്ടായ സംഘർഷത്തിൽ ഒരു ജവാൻ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സംഭവത്തിൽ ഖേദം രേഖപ്പെടുത്തിയ സൈന്യം, ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. നാഗാലാൻഡ് സർക്കാർ അഞ്ചംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിട്ടുണ്ട്. മരണത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും നാഗാലാൻഡ് മുഖ്യമന്ത്രി നെഫ്യൂ റിയോയും ദുഃഖം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.