ന്യൂഡൽഹി: ഇന്ത്യക്കുമേൽ ചുമത്തിയ ട്രംപിന്റെ പിഴച്ചുങ്കം ബുധനാഴ്ച അർധരാത്രിയോടെ പ്രാബല്ല്യത്തിൽ വരാനിരിക്കെ അമേരിക്കയുമായി വൻ പ്രതിരോധ ഇടപാടുമായി ഇന്ത്യ. 100 കോടി യു.എസ് ഡോളറിന്റെ കരാറിലാണ് ഇന്ത്യയും അമേരിക്കയും ഒപ്പുവെക്കുന്നത്. ഇന്ത്യയുടെ യുദ്ധ വിമാനമായ തേജസിന് ആവശ്യമായ 113 ജി.ഇ 404 എഞ്ചിനുകൾ വാങ്ങുന്നതിനായാണ് അമേരിക്കൻ കമ്പനിയായ ജി.ഇയുമായി കരാറിലെത്തുന്നത്. സെപ്റ്റംബറിൽ കരാർ പ്രാബല്ല്യത്തിൽ വരുമെന്നാണ് റിപ്പോർട്ട്. മാസത്തിൽ രണ്ട് എഞ്ചിനുകൾ എന്ന നിലയിൽ ഇന്ത്യക്ക് വിതരണവും ആരംഭിക്കും.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യക്കു മേൽ ചുമത്തിയ പിഴച്ചുങ്കവും, 25 ശതമാനം പകരച്ചുങ്കവുമായി തീരുവ യുദ്ധം സജീവമാകുന്നതിനിടെ ഇന്ത്യയും അമേരിക്കയും തമ്മിലെ രണ്ടാമത്തെ പ്രതിരോധ ഇടപാടാണ് ഇത്. തേജസ് യുദ്ധ വിമാന നിരയിലെ എൽ.സി.എ മാർക് വൺ എ എയർ ക്രാഫ്റ്റുകൾ വാങ്ങുന്നത് സംബന്ധിച്ച് നേരത്തെ തന്നെ കരാറിൽ ഒപ്പുവെച്ചിരുന്നു.
സെപ്റ്റംബറോടെ ഇന്ത്യൻ വ്യോമസേനയിൽ നിന്നും ഒഴിവാകുന്ന മിഗ് വിമാനങ്ങൾക്ക് പകരമായി തേജസ് യുദ്ധ വിമാനങ്ങൾ നിർമിക്കാനുള്ള കരാർ പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന് (എച്ച്.എ.എൽ) നൽകിയിരുന്നു. തദ്ദേശ നിർമിതമായ ലൈറ്റ് കോമ്പാറ്റ് പോർവിമാനമായ തേജസ് മാർക് വൺ എയുടെ നിർമാണം സംബന്ധിച്ച് 2021ലാണ് പ്രതിരോധ മന്ത്രാലയവും എച്ച്.എ.എലും കരാറിലെത്തിയത്.
ഇതിനാവശ്യമായ എഞ്ചിനും യുദ്ധ വിമാനങ്ങളുമാണ് അമേരിക്കൻ കമ്പനികളിൽ നിന്നും എച്ച്.എ.എൽ വാങ്ങുന്നത്. ആദ്യ ഘട്ടത്തിൽ 99 ജി.ഇ 404 എഞ്ചിൻ വിമാനങ്ങളും, രണ്ടാം ഘട്ടത്തിൽ 83 മാർക് വൺ എ എൽ.സി.എ വിമാനങ്ങളും കൈമാറാണ് വ്യോമസേനയുമായി കരാറിലൊപ്പുവെച്ചത്. ഇതിനു പുറമെയാണ് 113 എഞ്ചിനുകളുടെ കരാർ.
2029-2030ഓടെ 83 യുദ്ധവിമാനങ്ങൾ അടങ്ങിയ ആദ്യ ബാച്ച് കൈമാറാനാണ് എച്ച്.എ.എൽ ധാരണ. 2033-34 വർഷത്തോടെ 97 എൽ.സി.എ മാർക്ക് വൺ വിമാനങ്ങളും കൈമാറും.
കാലപ്പഴക്കം ചെന്ന മിഗ് 21 യുദ്ധ വിമാനങ്ങൾ സേനയിൽ നിന്ന് ഒഴിവാക്കാനുള്ള ഒരുക്കത്തിന്റെ ഭാഗമാണ് തേജസ് യുദ്ധ വിമാന നിർമാണത്തിനായി കരാറിലെത്തിയത്. ഇതിനകം 40 തേജസ് വിമാനങ്ങൾ വ്യോമസേനക്ക് കൈമാറിയിരുന്നു. ഇതിനെ അപേക്ഷിച്ച് മാർക് വൺ പതിപ്പ് സാങ്കേതികമായും കൂടുതൽ മികച്ചതായി വിലയിരുത്തുന്നു. ഏവിയോണിക്സ്, റഡാർ എന്നിവയാണ് തേജസ് മാർക് ഒന്നിന്റെ പ്രത്യേകതകൾ.
25 ശതമാനം പകരച്ചുങ്കവും 25 ശതമാനും പിഴച്ചുങ്കവും ഉൾപ്പെടെ ഇന്ത്യയിൽ നിന്ന് യു.എസിലേക്ക് കയറ്റുമതി ചെയ്യുന്ന ചരക്കുകളുടെ തീരുവ 50 ശതമാനമായി മാറും. യു.എസ് സമയം ബുധനാഴ്ച അർധരാത്രി (ഇന്ത്യൻ സമയം വ്യാഴാഴ്ച പകൽ ഒമ്പത്) ഇത് പ്രാബല്ല്യത്തിൽ വരാനിരിക്കെയാണ് മറുവശത്ത് പുതിയ വ്യാപാര കരാറുകളും പ്രവർത്തികമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.