'വികാസ് യാദവ്' എന്ന പേരിൽ 13 എൻട്രികൾ; യുപി എസ്ഐആറിൽ വീണ്ടും പിഴവ്, അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടി
ലഖ്നൗ: ഉത്തർപ്രദേശിലെ അസംഘഡ് മണ്ഡലത്തിലെ വോട്ടർപട്ടികയിൽ ഒരാളുടെ പേര് പത്ത് തവണ വന്ന സംഭവത്തിൽ അഞ്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. നിയമപ്രകാരം നടപടിയെടുക്കുന്നതിന്റെ ഭാഗമായി ഇവർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു.
ഒക്ടോബർ 15-ന് സമാജ്‌വാദി പാർട്ടി ഉന്നയിച്ച ആരോപണത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് പുറത്തുവന്നത്. അസംഘഡ് മണ്ഡലത്തിൽ 'വികാസ് യാദവ്' എന്ന പേരിൽ 13 എൻട്രികൾ കണ്ടെത്തിയെങ്കിലും ഇതിൽ രണ്ടെണ്ണം മുൻപ് തന്നെ നീക്കം ചെയ്തിരുന്നു. ബാക്കിയുള്ളവയിൽ ഒന്ന് ഗോരഖ്പൂർ സ്വദേശിയായ മറ്റൊരു വ്യക്തിയുടേതാണെന്നും, മറ്റ് 11 എൻട്രികളും ജില്ലയിലെ വിവിധ ഗ്രാമങ്ങളിലായി ജീവിക്കുന്ന വ്യത്യസ്ത വ്യക്തികളുടേതാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. യഥാർത്ഥ വോട്ടർ ഒഴികെയുള്ളവരുടെ വിവരങ്ങൾ തിരുത്താൻ 'ഫോം 8' അപേക്ഷയും നൽകിയിട്ടുണ്ട്.
വോട്ടർപട്ടിക തയ്യാറാക്കുന്നതിൽ വീഴ്ച വരുത്തിയ അന്നത്തെ ഇലക്ഷൻ രജിസ്ട്രേഷൻ ഓഫീസർ, രണ്ട് അസിസ്റ്റന്റ് ഇ.ആർ.ഒമാർ എന്നിവർക്കെതിരെ വകുപ്പുതല നടപടിക്ക് ചാർജ് ഷീറ്റ് നൽകാനും കമ്പ്യൂട്ടർ അസിസ്റ്റന്റ്, ബി.എൽ.ഒ എന്നിവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാനും സി.ഇ.ഒ ഉത്തരവിട്ടു. ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളിലെയും വോട്ടർപട്ടിക പരിശോധിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനും ജില്ലാ ഇലക്ഷൻ ഓഫീസർക്ക് നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.