ജമ്മു കശ്മീരിലെ ഉറി പട്ടണത്തിനടുത്ത സലാമാബാദ് ഗ്രാമത്തിൽ പാക് ഷെല്ലാക്രമണത്തിൽ തകർന്ന വീടിനു മുന്നിൽ കശ്മീരി വനിത
ന്യൂഡൽഹി: ഓപറേഷൻ സിന്ദൂറിന് പിന്നാലെ, അതിർത്തിയിൽ കനത്ത ജാഗ്രതക്ക് നിർദേശം നൽകി ഇന്ത്യ. ജമ്മു-കശ്മീരിനു പുറമെ പാകിസ്താനുമായി അതിർത്തി പങ്കിടുന്ന രാജസ്ഥാൻ, പഞ്ചാബ്, ഗുജറാത്ത് സംസ്ഥാനങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലും അവധിയിൽ പോയ എല്ലാ പൊലീസ് ഉദ്യോഗസ്ഥരെയും തിരികെ വിളിച്ചു. പൊതുസ്ഥലങ്ങളിൽ ആളുകൾ കൂടിച്ചേരുന്നതിന് വിലക്കേർപ്പെടുത്തി. അതിർത്തി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ അടച്ചു.
രാജസ്ഥാനിൽ പാകിസ്താനുമായി പങ്കിടുന്ന 1,037 കിലോമീറ്റർ അതിർത്തിയിലുടനീളം മുൻകരുതൽ നടപടികൾക്ക് നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കിഷൻഗഢിലെയും ജോധ്പൂരിലെയും വിമാനത്താവളങ്ങൾ മേയ് 10 വരെ അടച്ചു. വ്യോമ പ്രതിരോധ യൂനിറ്റുകൾ സജീവമാക്കിയതിന് പിന്നാലെ, അതിർത്തി സുരക്ഷാ സേന പട്രോളിങ് ശക്തമാക്കി. ബാർമർ, ജയ്സാൽമീർ, ജോധ്പൂർ, ബിക്കാനീർ, ശ്രീ ഗംഗാനഗർ തുടങ്ങിയ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചിടാൻ കലക്ടർമാർ നിർദേശം നൽകി. മേയ് എട്ടിന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. സർക്കാർ ജീവനക്കാർക്ക് അവധി റദ്ദാക്കി ആസ്ഥാനത്തുതന്നെ തുടരാൻ നിർദേശം നൽകി. സർക്കാർ ആശുപത്രികളിൽ രക്തവും അടിയന്തര മരുന്നുകളും സംഭരിക്കാനും, ഇന്ധന പമ്പുകളോട് സാധനങ്ങൾ സൂക്ഷിക്കാനും, അതിർത്തിയോട് ചേർന്ന ഗ്രാമങ്ങളിലുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനും നിർദേശമുണ്ട്.
ഗുജറാത്തിൽ ഭുജ്, രാജ്കോട്ട് വിമാനത്താവളങ്ങളിൽ നിന്നുള്ള സിവിലിയൻ വിമാന സർവിസുകൾ മൂന്ന് ദിവസത്തേക്ക് നിർത്തിവെച്ചു. വിമാനത്താവളങ്ങളിൽ നിലവിൽ സൈനിക വിമാനങ്ങൾക്ക് മാത്രമാണ് അനുമതി. ജാംനഗർ അടക്കം തീരദേശ, അതിർത്തി പ്രദേശങ്ങളിൽ സുരക്ഷാ സേന പട്രോളിങ്ങും നിരീക്ഷണവും ശക്തമാക്കി. പാകിസ്താൻ അതിർത്തിയോട് ചേർന്ന വിവിധ പ്രദേശങ്ങളിൽ സ്പെഷൽ ഓപറേഷൻസ് ഗ്രൂപ് (എസ്.ഒ.ജി), മറൈൻ പൊലീസ്, ടാസ്ക് ഫോഴ്സ് കമാൻഡോകൾ എന്നിവരെ വിന്യസിച്ചിട്ടുണ്ട്.
പാകിസ്താനുമായി 532 കിലോമീറ്റർ അന്താരാഷ്ട്ര അതിർത്തി പങ്കിടുന്ന പഞ്ചാബിൽ അതിർത്തി ജില്ലകളിൽ ജാഗ്രത തുടരുകയാണെന്ന് സംസ്ഥാന കാബിനറ്റ് മന്ത്രി അമൻ അറോറ പറഞ്ഞു. മുഖ്യമന്ത്രി ഭഗവന്ത് മാൻ എസ്.ബി.എസ് നഗറിലും ജലന്ധറിലും നടത്താനിരുന്ന പരിപാടികൾ റദ്ദാക്കി. ആറ് അതിർത്തി ജില്ലകളിലെ വിദ്യാലയങ്ങൾ അടച്ചു. ഉദ്യോഗസ്ഥരുടെ അവധികൾ റദ്ദാക്കി തിരിച്ചെത്താൻ നിർദേശം നൽകി.
ജമ്മു: അതിർത്തിയിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് വീടൊഴിയേണ്ടി വന്നവർക്കായി ജമ്മു മേഖലയിലുള്ള എല്ലാ പള്ളികളുടെയും മദ്റസകളുടെയും വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്ന് പ്രമുഖ മുസ്ലിം പണ്ഡിതൻ മുഫ്തി സഗീർ അഹമ്മദ് പറഞ്ഞു. പാക് ഷെല്ലാക്രമണത്തിൽ പരിക്കേറ്റവർക്കുവേണ്ടി സംഘടിപ്പിച്ച രക്തദാന ക്യാമ്പിലും അദ്ദേഹം പങ്കാളിയായി. പൂഞ്ച് ജില്ലയിൽ ബുധനാഴ്ച 13പേർ കൊല്ലപ്പെടുകയും 44 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഷെല്ലാക്രമണത്തെത്തുടർന്ന് ബത്തിണ്ടിയിലെ മദ്റസ മർകസ്-ഉൽ-മാരിഫാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. ഇതുവരെ 50 യൂനിറ്റിലധികം രക്തം ശേഖരിച്ചിട്ടുണ്ടെന്നും ഇത് ജമ്മുവിലെ ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിലെ രക്തബാങ്കിന് കൈമാറുമെന്നും സംഘാടകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.