ലക്നോ: തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ പരാതികൾക്കും സത്യവാങ്മൂലം സമർപിക്കണമെന്ന കമീഷന്റെ ആവശ്യത്തെ ചോദ്യം ചെയ്ത് സമാജ്‌വാദി പാർട്ടി മേധാവിയും കനൗജ് എം.പിയുമായ അഖിലേഷ് യാദവ്. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം എസ്.പി സത്യവാങ്മൂലങ്ങൾ സമർപ്പിച്ചിട്ടുണ്ടെങ്കിലും കേന്ദ്ര തെരഞ്ഞെടുപ്പ് പാനൽ അത് ലഭിച്ചുവെന്ന കാര്യം നിഷേധിച്ചുവെന്ന് യാദവ് ആരോപിച്ചു.
വോട്ടർ പട്ടികയിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നതായി ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമീഷന് സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. ഒരു നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള ആയിരക്കണക്കിന് പേരുകൾ ഉൾപ്പെടെ സമാജ്‌വാദി പാർട്ടി ജില്ല തിരിച്ചുള്ള പട്ടിക തയ്യാറാക്കിയെന്നും യാദവ് പറഞ്ഞു.
എന്നാൽ, സമാജ്‌വാദി പാർട്ടി സമർപിച്ച സത്യവാങ്മൂലങ്ങളൊന്നും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് കമീഷൻ നിരന്തരം പറയുന്നുവെന്ന് അഖിലേഷ് തുറന്നടിച്ചു. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം എസ്.പി നിരവധി സത്യവാങ്മൂലങ്ങൾ സമർപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഓഫിസ് ഞങ്ങൾക്ക് അയച്ച രസീതുകൾ അവർക്ക് പരിശോധിക്കാം. ഡിജിറ്റൽ രസീതുകൾ നിയമാനുസൃതമാണെന്ന് തെളിയിക്കുന്ന ഒരു മറു സത്യവാങ്മൂലം കമീഷനും സമർപ്പിക്കണമെന്ന് ഞങ്ങൾ ഇപ്പോൾ ആവശ്യപ്പെടുന്നു. അല്ലെങ്കിൽ, കമീഷനെ പോലെ ‘ഡിജിറ്റൽ ഇന്ത്യ’ക്കുമേലും സംശയത്തിന്റെ നിഴൽ വീഴുമെന്നും അഖിലേഷ് പറഞ്ഞു. ‘ബി.ജെ.പി പോയാൽ സത്യം വരും!’ എന്നും അഖിലേഷ് കൂട്ടിച്ചേർത്തു.
‘വോട്ട് മോഷണം’ എന്ന അവകാശവാദത്തിന് തെളിവുകൾ സഹിതം സത്യവാങ്മൂലം സമർപ്പിക്കുകയോ അതല്ലെങ്കിൽ പരസ്യമായി മാപ്പ് പറയുകയോ ചെയ്യണമെന്ന് രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമീഷൻ ഏഴ് ദിവസത്തെ സമയപരിധി നൽകിയതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ഇരട്ട വോട്ടിങും വോട്ടു മോഷണവും സംബന്ധിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ തള്ളിക്കളയുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.