അഖിലേഷ് യാദവ്
യുപി തെരഞ്ഞെടുപ്പിൽ മത്സരിക്കിലെന്ന് സൂചന നൽകി അഖിലേഷ് യാദവ്; ‘ലോക്‌സഭാംഗമായിരിക്കെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും’
വരാണസി: 2027ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് സൂചനനൽകി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. തെരഞ്ഞെടുപ്പിൽ മത്സരിക്കാതെയും താൻ മുഖ്യമന്ത്രിയായിട്ടുണ്ടെന്നും ഇത്തവണയും ലോക്‌സഭാംഗമായിരിക്കെ തന്നെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വരാണസിയിലെ ഏതെങ്കിലും മണ്ഡലത്തിൽ നിന്ന് മത്സരിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. നാമനിർദേശ പത്രിക സമർപ്പിക്കാൻ കാശിയിൽ ശുഭമുഹൂർത്തം നോക്കാറുണ്ടെന്നും തനിക്ക് ശുഭമായത് എന്താണോ അത് ചെയ്യുമെന്നും അദ്ദേഹം തമാശരൂപത്തിൽ പ്രതികരിച്ചു.
നേരത്തെ, ഉത്തർപ്രദേശ് എംഎൽസി തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബിജെപിക്കെതിരെ അഖിലേഷ് രംഗത്തെത്തിയിരുന്നു. ബിജെപിയുടെ ഇരട്ട എൻജിൻ സർക്കാർ പ്രധാന മണ്ഡലങ്ങളിൽ ഇരട്ട പൂജ്യമായെന്നായിരുന്നു പരിഹാസം. 11 സീറ്റുകളിൽ ആറ് സീറ്റുകൾ ബിജെപിയും അഞ്ച് സീറ്റുകൾ സമാജ്‌വാദി പാർട്ടിയും നേടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്‌സഭാ മണ്ഡലമായ വാരണാസിയിലെ അധ്യാപക, ബിരുദധാരി മണ്ഡലങ്ങളിൽ എസ്.പി വിജയിച്ചത് ബിജെപിക്ക് തിരിച്ചടിയായിരുന്നു.
2012 മാർച്ചിൽ 38ാം വയസിലാണ് അഖിലേഷ് യാദവ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായത്. അന്ന് സമാജ്‌വാദി പാർട്ടി 224 സീറ്റുകൾ നേടിയിരുന്നു. 2017ൽ എസ്.പിക്ക് അധികാരം നഷ്ടമായി. 2022ലെ തെരഞ്ഞെടുപ്പിൽ കർഹൽ മണ്ഡലത്തിൽ നിന്ന് ആദ്യമായി മത്സരിച്ച അഖിലേഷ്, ബിജെപി സ്ഥാനാർഥി എസ്.പി. സിങ് ബാഗേലിനെ 67,594 വോട്ടുകൾക്ക് പരാജയപ്പെടുത്തി. എസ്.പിക്ക് 111 സീറ്റുകൾ ലഭിച്ചപ്പോൾ 255 സീറ്റുകളുമായി ബിജെപി അധികാരം നിലനിർത്തി. ഗൊരഖ്പൂർ അർബനിൽ നിന്ന് മത്സരിച്ച യോഗി ആദിത്യനാഥ് തുടർച്ചയായി രണ്ടാം തവണയും മുഖ്യമന്ത്രിയായി. അതേസമയം, 2027ലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 'ജൻ-മൻ' പ്രകടനപത്രിക നവംബർ 26ന് പുറത്തിറക്കുമെന്ന് സമാജ്‌വാദി പാർട്ടി അറിയിച്ചു. ഭരണഘടനാ ദിനത്തോടനുബന്ധിച്ചാണ് പ്രകടനപത്രിക പുറത്തിറക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.