ദീപാവലിക്ക് പടക്കം പൊട്ടിക്കാൻ രണ്ട് മണിക്കൂർ മാത്രം സമയം; മലിനീകരണ നിയന്ത്രണവുമായി തമിഴ്നാട് സർക്കാർ
ചെന്നൈ: തമിഴ്നാട്ടിൽ ഈ വർഷത്തെ ദീപാവലി ആഘോഷങ്ങൾക്ക് പടക്കം പൊട്ടിക്കുന്നതിന് സംസ്ഥാന സർക്കാർ പ്രത്യേക സമയപരിധി നിശ്ചയിച്ചു. അന്തരീക്ഷ മലിനീകരണവും ശബ്ദമലിനീകരണവും പരമാവധി കുറക്കുന്നതിനും ആളുകളുടെ ആരോഗ്യവും സുരക്ഷയും മുൻനിർത്തി സമൂഹത്തിന് പൊതുവായൊരു മാർഗനിർദ്ദേശം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി.
സർക്കാർ പ്രഖ്യാപിച്ച പുതിയ ഉത്തരവ് പ്രകാരം ദീപാവലി ദിവസം രാവിലെ 6 മണി മുതൽ 7 മണി വരെയും, വൈകുന്നേരം 7 മണി മുതൽ 8 മണി വരെയുള്ള രണ്ട് മണിക്കൂർ സമയത്ത് മാത്രമായിരിക്കും പടക്കം പൊട്ടിക്കാൻ അനുവാദമുള്ളൂ. പ്രകൃതിയോട് ഇണങ്ങിനിന്നുകൊണ്ടുള്ള ആഘോഷങ്ങൾക്ക് മുൻഗണന നൽകണമെന്നും അമിതമായ ശബ്ദമുണ്ടാക്കുന്നതും പുകവമിക്കുന്നതുമായ പടക്കങ്ങൾ ഒഴിവാക്കി പരിസ്ഥിതി സൗഹൃദമായ രീതികൾ സ്വീകരിക്കാൻ എല്ലാവരും തയാറാകണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
2018 ലെ സുപ്രീം കോടതിയുടെ ചരിത്രപരമായ വിധിയുടെ അടിസ്ഥാനത്തിൽ അന്തരീക്ഷ മലിനീകരണം ഗണ്യമായി കുറക്കുന്ന 'ഗ്രീൻ ക്രാക്കേഴ്സ്' അഥവാ ഹരിത പടക്കങ്ങൾ മാത്രമേ സംസ്ഥാനത്ത് നിർമിക്കാനും വിൽക്കാനും പാടുകയുള്ളൂ. നിയമം കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോർഡിന്റെ നേതൃത്വത്തിൽ സ്കൂളുകൾ, കോളേജുകൾ, ഇക്കോ ക്ലബ്ബുകൾ എന്നിവയിലൂടെ ശക്തമായ ബോധവൽക്കരണ പ്രവർത്തനങ്ങളും നടപ്പിലാക്കുന്നുണ്ട്.
ആളുകൾ ഒത്തുകൂടി തുറസ്സായ സ്ഥലങ്ങളിൽ സമൂഹ്യമായി ആഘോഷങ്ങൾ സംഘടിപ്പിക്കാനാണ് റസിഡന്റ്സ് അസോസിയേഷനുകളോടും മറ്റും അധികൃതർ നിർദ്ദേശിച്ചിരിക്കുന്നത്. ഇത് വഴി പ്രാദേശികമായ മലിനീകരണം ഒരു പരിധി വരെ നിയന്ത്രിക്കാൻ സാധിക്കും. അതേസമയം, വലിയ ശബ്ദമുണ്ടാക്കുന്ന നീളത്തിലുള്ള ചരടുകളിലെ പടക്കങ്ങൾ പൂർണമായും ഒഴിവാക്കണമെന്നും ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയ നിശബ്ദ മേഖലകളുടെ സമീപത്തോ തീപിടിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിലോ പടക്കം പൊട്ടിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കുന്നു.
ഈ ദീപാവലി ആഘോഷങ്ങൾ സുരക്ഷിതവും സന്തോഷകരവുമാക്കാൻ തമിഴ്നാട്ടിലെ ജനങ്ങൾ സർക്കാരിന്റെ ഈ മാർഗനിർദ്ദേശങ്ങൾ പൂർണമായി പാലിക്കണമെന്ന് അധികൃതർ ഓർമ്മിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.