യോഗി ആദിത്യനാഥ്

അക്ബറും ഔറംഗസേബുമല്ല, ശിവജിയും മഹാറാണാപ്രതാപും ഗുരുഗോവിന്ദ് സിങുമാണ് ഇന്ത്യയുടെ വീര നായകർ -ചരിത്രം തിരുത്തി യോഗി ആദിത്യനാഥ്

ലഖ്നോ: അക്ബറും ഔറംഗസേബും ഇന്ത്യയുടെ വീരനായകരല്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. ഹിന്ദുക്കളോടുള്ള അവരുടെ ചിന്താഗതി വളരെ മോശമായിരുന്നുവെന്നും യോഗി അവകാശപ്പെട്ടു. അതിനാൽ അക്ബറെയോ ഔറംഗസേബിനെയോ അല്ല, ശിവജിയെയും മഹാറാണാ പ്രതാപിനെയും ഗുരു ഗോവിന്ദ് സിങിനെയുമാണ് ഇന്ത്യയുടെ വീരനായകരായി കണക്കാക്കേണ്ടതെന്നും യു.പി മുഖ്യമന്ത്രി പറഞ്ഞു. നോയ്ഡക്കടുത്തുള്ള ദാദ്രിയിൽ മഹാരാണാ പ്രതാപിന്റെ പ്രതിമ അനാഛാദനം ചെയ്യുന്ന ചടങ്ങിലായിരുന്നു ചരിത്രം വളച്ചൊടിക്കുന്ന രീതിയിലുള്ള യോഗിയുടെ പ്രഖ്യാപനം.

മഹാറാണാ പ്രതാപ് ഒരു യഥാർഥ ഇന്ത്യൻ നായകനായിരുന്നു. ആത്മാഭിമാനത്തിനും വിശ്വാസത്തിനും രാഷ്ട്രത്തിനും വേണ്ടിയുള്ള അദ്ദേഹത്തിന്റെ സമർപ്പണം അതുല്യമാണെന്നും യോഗി ചൂണ്ടിക്കാട്ടി. യോദ്ധാവായ റാണാ സംഗയുടെ ധീരതയെ കുറിച്ചും യു.പി മുഖ്യമന്ത്രി വാചാലനായി. ഗൗതം ബുദ്ധനഗറിൽ 1467കോടി രൂപയുടെ 97 വികസന പദ്ധതികൾക്കാണ് യോഗി ശിലയിട്ടത്.

അധികാരത്തിന്റെ പിറകേ പോകുന്നതിന് പകരം, ആത്മാഭിമാനത്തിനാണ് റാണ പ്രതാപ് മുൻഗണന നൽകിയത്. ഹൽദിഘട്ടാണ് മഹാറാണ പ്രതാപിനെ ദേശീയ ഐക്കണാക്കി മാറ്റിയത്. മേവാറിന്റെ നഷ്ടപ്പെട്ട പ്രദേശങ്ങൾ തിരിച്ചുപിടിക്കുക മാത്രമല്ല, അക്ബറിനെ മുട്ടികുത്തിക്കാനും റാണക്ക് സാധിച്ചു. പോർക്കളത്തിൽ അക്ബറിനെ നേരിടുമ്പോൾ വെറും 28 വയസേ ഉണ്ടായിരുന്നുള്ളൂ മഹാറാണക്ക്. വെറും 20,000 സൈനികരെ മാത്രം ഉപയോഗിച്ച് ഒരു വലിയ സൈന്യത്തോട് പോരാടിയ യോദ്ധാവാണ് നമ്മുടെ യഥാർഥ നായകൻ എന്നും യോഗി പറഞ്ഞു.

അക്ബർ ഒരിക്കലും വീര നായകനായിരുന്നില. ഔറംഗസേബും അങ്ങനെ തന്നെ. ഹിന്ദുക്കളോടുള്ള അവരുടെ മനോഭാവം ഒന്നായിരുന്നു. ഇന്ത്യയുടെ പൈതൃകം തച്ചുടക്കാൻ അവർ ഗൂഢാലോചന നടത്തി. എന്നാൽ സനാതന ധർമം പരിരക്ഷിക്കാനായി മഹാറാണാ പ്രതാപ് എല്ലാം ത്യജിക്കുകയാണ് ചെയ്തത്. അദ്ദേഹത്തിന്റെ കുതിരയായ ചേതക്കിന്റെ ഭക്തിയും സമാനതകളില്ലാത്തതായിരുന്നു. ഇന്നും ആളുകൾ ഹൽദിഘട്ടിലെ മണ്ണിനെ തീർഥാടന കേന്ദ്രമായി കണ്ട് ബഹുമാനിക്കുന്നു.

ഛത്രപതി ശിവജിയും ഗുരു ഗോവിന്ദ് സിങും ദേശീയ ഐക്കണുകളാണ്. ഈ വീരനേതാക്കളുടെ അംഗീകരിക്കാത്തവരുടെ മനസിന് വൈകല്യമാണെന്നും യോഗി പറഞ്ഞു. ഈ വീരയോദ്ധാക്കളിൽ നിന്ന് യുവതലമുറ പ്രചോദനം ഉൾക്കൊള്ളണമെന്നും യോഗി ആഹ്വാനം ചെയ്തു.

അതിനിടെ പ്രയാഗ് രാജിലെ കുംഭമേളയെ കുറിച്ച് ധാരാളം കിംവദന്തികൾ പരന്നുവെന്നും എന്നാൽ അതൊന്നും തീർഥാടകരെ പിന്തിരിപ്പിച്ചില്ലെന്നും യോഗി പറഞ്ഞു. 'കുംഭമേളയിലെ പുണ്യജലം മലിനമാണെന്ന് പ്രചാരണമുണ്ടായി. എന്നാൽ ഒഴുകുന്ന വെള്ളവും അലഞ്ഞുതിരിയുന്ന സന്യാസിയും ഒരിക്കലും അശുദ്ധമാകില്ല'-യോഗി പറഞ്ഞു.

Tags:    
News Summary - Akbar or Aurangzeb can never be heroes, their mindset was same says UP CM Yogi Adityanath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.