മത്സരിക്കാനില്ലെന്ന് സൂചന നൽകി അജിത് പവാർ
മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ ബാരാമതിയിൽ മത്സരിക്കാനില്ലെന്ന സൂചന നൽകി ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ. ഞായറാഴ്ച ബാരാമതിയിൽ നടന്ന പാർട്ടിയോഗത്തിൽ സംസാരിക്കവെയാണ് അജിത്തിന്റെ സൂചന. വയസ്സ് 65 ആയെന്നും മൂന്ന് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിൽ സംതൃപ്തനാണെന്നും പറഞ്ഞ അജിത്, ഇനി ബാരാമതിക്ക് പുതിയ എം.എൽ.എയെയാണ് വേണ്ടതെന്നും താനിതുവരെ ചെയ്ത സേവനങ്ങൾ പുതിയ ആളുടേതുമായി ജനം താരതമ്യം ചെയ്യട്ടെയെന്നും കൂട്ടിച്ചേർത്തു.
എൻ.സി.പി പിളർത്തി ബി.ജെ.പി പാളയത്തിലേക്ക് പോയ അജിത് പവാർ പക്ഷത്തിന് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടിരുന്നു. ബാരാമതി ലോക്സഭ മണ്ഡലത്തിൽ മത്സരിച്ച ഭാര്യ സുനേത്ര പവാറടക്കം തിരിച്ചടി നേരിട്ടു. എല്ലാ വികസനങ്ങളും ഫണ്ടും ബാരാമതിയിലെത്തിച്ചിട്ടും തനിക്കെതിരായ നിലപാടാണ് ജനം സ്വീകരിച്ചത്. താനും മനുഷ്യനാണ്- എന്നാണ് ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെ കുറിച്ച് അജിത് പറഞ്ഞത്. ഇതുതന്നെയാണ് നിയമസഭ തെരഞ്ഞെടുപ്പിലും ആവർത്തിക്കുകയെങ്കിൽ മിണ്ടാതിരിക്കുന്നതാണ് അഭികാമ്യമെന്നും അദ്ദേഹം പറഞ്ഞു. ബാരാമതി നിയമസഭ മണ്ഡലത്തിൽ അജിത് പവാറിനെതിരെ ശരദ് പവാർ പക്ഷ എൻ.സി.പി ടിക്കറ്റിൽ അജിത്തിന്റെ സഹോദര പുത്രൻ യോഗേന്ദ്ര പവാർ മത്സരിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
കഴിഞ്ഞദിവസം ഗഡ്ചിറോളിയിൽ അജിത്ത് നടത്തിയ പ്രസംഗവും ഇതോടൊപ്പം ചേർത്ത് വായിക്കപ്പെടുന്നുണ്ട്. കുടുംബത്തിൽ വിള്ളലുണ്ടാക്കുന്ന വരെ സമൂഹം കൈയൊഴിയുമെന്നതാണ് തന്റെ അനുഭവമെന്നാണ് അജിത് പറഞ്ഞത്. അജിത് പക്ഷ സിറ്റിങ് എം.എൽ.എയും സഹമന്ത്രിയുമായ ധരംറാവു ബാബ അത്താറാമിനെതിരെ മകൾ ഭാഗ്യശ്രീ മത്സരിക്കാൻ ഒരുങ്ങുന്നതിനെ നിരുത്സാഹപ്പെടുത്തുമ്പോഴാണ് ഈ പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.