അസമിൽ അഞ്ച് വർഷത്തിലൊരിക്കൽ എസ്ഐആർ വേണം; വിദേശികളെ ഒഴിവാക്കാനെന്ന് മന്ത്രി

ഗുവാഹത്തി: അസമിലെ വോട്ടർ പട്ടികയിൽ നിന്ന് വിദേശികളെ പൂർണമായും ഒഴിവാക്കാൻ കർശന പരിശോധന വേണമെന്ന് ആവശ്യപ്പെട്ട് കാബിനറ്റ് മന്ത്രി ജയന്ത മല്ല ബറുവ. ഓരോ അഞ്ച് വർഷം കൂടുമ്പോഴും വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം (എസ്ഐആർ) നടപ്പാക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

അസമിലെ വോട്ടർ പട്ടികയിൽ ഒരു വിദേശിയുടെ പേര് പോലും അവശേഷിക്കാൻ പാടില്ലെന്നും എല്ലാവരും എസ്ഐആർ ആഗ്രഹിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

നൽബാരിയിൽ നടന്ന ജൻ ജാഗരൺ റാലിക്കിടെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. അസമിന്റെ സാഹചര്യം മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. അനധികൃത കുടിയേറ്റത്തിനെതിരെ ആറ് വർഷം നീണ്ട വലിയ പ്രക്ഷോഭം നടന്ന മണ്ണാണ് അസം. അതുകൊണ്ട് തന്നെ വോട്ടർ പട്ടികയുടെ കൃത്യത ഉറപ്പാക്കേണ്ടത് സംസ്ഥാനത്തിന് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതോടൊപ്പം തെരഞ്ഞെടുപ്പ് വിവാദത്തിലും മന്ത്രി നിലപാട് വ്യക്തമാക്കി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾക്കെതിരെ (ഇവിഐം) ആരോപണം ഉന്നയിക്കുകയും ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും പ്രതിപക്ഷത്തെയും അദ്ദേഹം വിമർശിച്ചു.

തെരഞ്ഞെടുപ്പിൽ തോൽക്കുമ്പോഴെല്ലാം ഇവിഎമ്മിനെ പഴി പറയുന്നതാണ് കോൺഗ്രസിന്റെ രീതിയെന്നായിരുന്നു മന്ത്രിയുടെ പരിഹാസം. കോൺഗ്രസ് ഒരിക്കലും ജനങ്ങൾക്കൊപ്പം നിൽക്കുന്നില്ല അതുകൊണ്ടാണ് അവർ തുടർച്ചയായി തോൽക്കുന്നത്. തോൽവിക്ക് ശേഷം ചിലപ്പോൾ ഇവിഎമ്മിനെയും ചിലപ്പോൾ ബാലറ്റ് പേപ്പറിനെയും കുറ്റപ്പെടുത്തി കാരണം കണ്ടെത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ബാലറ്റ് പേപ്പർ ഉപയോഗിച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രതിപക്ഷത്തെ വെല്ലുവിളിച്ച മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നിലപാടിനെയും മന്ത്രി പിന്തുണച്ചു.

അതേസമയം നൽബാരിയിലെ റാലിയിൽ 30,000ത്തിലധികം ആളുകൾ പങ്കെടുത്തതായും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിലപാടുകൾക്ക് യുവാക്കളും സ്ത്രീകളും അടക്കമുള്ളവരിൽ നിന്ന് വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തെ (സിഎഎ) എതിർത്തവർ രാജ്യ താൽപര്യത്തിന് എതിരായ നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അനധികൃത കുടിയേറ്റവും വോട്ടർ പട്ടികയും സംബന്ധിച്ച ചർച്ചകൾ സംസ്ഥാനത്ത് വീണ്ടും സജീവമാകുന്നതിനിടെയാണ് മന്ത്രിയുടെ ഈ ആവശ്യം ശ്രദ്ധേയമാകുന്നത്. വോട്ടർ പട്ടിക പരിഷ്കരണം അസമിൽ വലിയ രാഷ്ട്രീയ ചർച്ചയായി മാറുമെന്നാണ് വിലയിരുത്തൽ.

Tags:    
News Summary - Assam Voter List Revision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.