മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ ഏവരും ഉറ്റുനോക്കിയ ബാരാമതിയിൽ എൻ.സി.പിയുടെ അജിത് പവാർ മുന്നേറുന്നു. സ്വന്തം സഹോദര പുത്രനും എൻ.സി.പി ശരദ് പവാർ വിഭാഗം സ്ഥാനാർഥിയുമായ യുഗേന്ദ്ര പവാറിനേക്കാൾ 11,000 വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ് അജിത്.
എൻ.സി.പി പിളർത്തി എൻ.ഡി.എ സഖ്യത്തിനൊപ്പം പോയ അജിത്തിന് ഈ തെരഞ്ഞെടുപ്പിൽ വിജയം ഏറെ നിർണായകമാണ്. മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ ഉപമുഖ്യമന്ത്രിപദത്തോളം കൈപിടിച്ചുയർത്തിയ പിതൃ സഹോദരൻ ശരദ് പവാറിന്റെ തന്ത്രങ്ങളോടാണ് അജിത് ഏറ്റുമുട്ടിയത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ പവാറിന്റെ മകൾ സുപ്രിയ സുലേക്കെതിരെ ബാരാമതിയിൽ ഭാര്യ സുനേത്രയെ നിർത്തി പരാജയമറിഞ്ഞതാണ്. തന്റെ നിയമസഭ മണ്ഡലത്തിൽ പോലും 47,000ത്തിലേറെ ലീഡ് സുപ്രിയ നേടിയത് അജിത്തിനെ അലട്ടുന്നു.
ആരാണ് യഥാർഥ എൻ.സി.പി എന്ന് തെളിയിക്കുന്നതിനുള്ള പോരാട്ടം കൂടിയാണിത്. മൂന്നര പതിറ്റാണ്ടിനിടയിൽ ബാരാമതിയിൽ കൊണ്ടുവന്ന വികസനത്തിന്റെയും ഭാവി പദ്ധതിയുടെയും പേരിലാണ് അജിത്തിന്റെ വോട്ടുതേടിയത്. മറുകണ്ടം ചാടുംവരെ അജിത് പവാർ ശരദ് പവാറിന്റെ തണലിലായിരുന്നു എന്നത് ചൂണ്ടിക്കാട്ടിയാണ് യുഗേന്ദ്ര പവാർ പ്രചാരണം നടത്തിയത്. പതിറ്റാണ്ടുകളായി പവാർ കുടുംബത്തിന്‍റെ ശക്തികേന്ദ്രം കൂടിയാണ് ബാരാമതി മണ്ഡലം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.