ന്യൂഡൽഹി: കേരളത്തിൽനിന്ന് രാജ്യതലസ്ഥാനത്തേക്ക് ‘സ്വന്തം’ വിമാനത്തിൽ യാത്രചെയ്യണമെന്ന് ആഗ്രഹമുണ്ടോ? വലിയ സാമ്പത്തിക ബാധ്യതയില്ലാതെ ആഗ്രഹം സഫലമാകാൻ അധികം കാത്തിരിക്കേണ്ട. ദീർഘദൂര യാത്രക്ക് ടാക്സികളെയും ട്രെയിനുകളെയും ആശ്രയിക്കുന്നതിന് പകരം വിമാനം വാടകക്ക് എടുക്കുന്ന സംവിധാനം ഇന്ത്യയിൽ വ്യാപകമാവുകയാണ്. പ്രത്യേകിച്ച് ഇൗ മേഖലയിൽ നിരക്കിളവ് നൽകി വ്യോമയാന കമ്പനികൾ മത്സരം കടുപ്പിച്ചതോടെ സാധാരണക്കാർക്കും ചുരുങ്ങിയ ചെലവിൽ വിമാനയാത്ര സാധ്യമാകുന്ന സാഹചര്യമാണുണ്ടാകുന്നത്. ചില കമ്പനികൾ നിലവിലെ നിരക്കിൽ 50 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യയിൽ ഇപ്പോൾ 129 ജനറൽ ഏവിയേഷൻ ഒാപറേറ്റർമാരാണുള്ളത്. പ്രമുഖ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിെൻറ സ്ഥാപനവുമുണ്ട്. ഇതിൽ 60 കമ്പനികൾക്ക് വിമാനങ്ങളുണ്ട്. ബാക്കിയുള്ളവരുടെ കൈയിൽ ഹെലികോപ്ടറുകളാണ്. നേരത്തെ എല്ലാ കമ്പനികളും വിമാനമോ ഹെലികോപ്ടറോ വാടകക്ക് നൽകുേമ്പാൾ മുഴുവൻ ചെലവും ഇൗടാക്കിയിരുന്നു. സാധാരണ നിർത്തിയിടുന്ന താവളത്തിൽനിന്ന് വാടകക്ക് വിളിക്കുന്നവരുടെ പ്രേദശത്തേക്ക് പറക്കൽ, അവിടെനിന്ന് ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്ര, സ്ഥിരം താവളത്തിലേക്കുള്ള മടക്കം എന്നിവക്കെല്ലാം വാടക നൽകണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ, കൂടുതൽ കമ്പനികൾ എത്തുകയും മത്സരം ശക്തമാവുകയും ചെയ്തതോടെ നിരക്ക് 50 ശതമാനം വരെ കുറഞ്ഞു. ആറുമുതൽ ഒമ്പതുവരെ പേർക്ക് സഞ്ചരിക്കാവുന്ന വിമാനത്തിന് മണിക്കൂർ വാടക ഒന്നരലക്ഷം മുതൽ രണ്ടുലക്ഷം വരെയായിട്ടുണ്ട്. ചില കമ്പനികൾ അവധിക്കാല പാക്കേജും നടപ്പാക്കി.
അതിനിടെ, അടിയന്തര ഘട്ടങ്ങളിൽ രോഗികളെ കൊണ്ടുപോകാൻ എയർ ആംബുലൻസ് സേവനം നൽകുന്ന ഫ്ലാപ്സ് ഏവിയേഷൻ കമ്പനി ഇൗമാസാവസാനം രംഗത്തെത്തും. ഇപ്പോൾ ചില വൻകിട ആശുപത്രികൾക്ക് എയർ ആംബുലൻസുണ്ടെങ്കിലും എല്ലായ്പോഴും ലഭ്യമല്ല. ഇത് കണ്ടറിഞ്ഞാണ് ഇവർ കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്ത്്എത്തുന്നത്.
ആദ്യഘട്ടത്തിൽ റായ്പുർ ആയിരിക്കും പ്രധാന താവളം. തുടർന്ന് കേരളത്തിലെ കൊച്ചിക്ക് പുറമെ പട്ന, സൂറത്ത്, വിശാഖപട്ടണം തുടങ്ങിയ സ്ഥലങ്ങളിൽ താവളങ്ങളുണ്ടാകും. എയർ ആംബുലൻസ് ചെലവ് പൂർണമായോ ഭാഗികമായോ വഹിക്കുന്നത് സംബന്ധിച്ച് ഇൻഷുറൻസ് കമ്പനികളുമായി ഇവർ ചർച്ച നടത്തും. ഇതിനുപുറമെ, അംഗത്വ പദ്ധതിയും ആവിഷ്കരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.