പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: തുടരെ വിമാന സർവീസുകൾ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് ഡി.ജി.സി.എയുടെ കാരണം കാണിക്കൽ നോട്ടീസിന് ഇൻഡിഗോ സി.ഇ.ഒ ഞായറാഴ്ച മറുപടി നൽകും. ശനിയാഴ്ചയാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ എയർലൈനിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പീറ്റർ എൽബേഴ്സിനും, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഇസിദ്രെ പോർക്വേരസിനും കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
വ്യോമയാന നിയമങ്ങൾ ലംഘിക്കപ്പെട്ടെന്നും ആസൂത്രണത്തിലും, വിഭവ ഉപയോഗത്തിലും വീഴ്ചയുണ്ടായെന്നും ചൂണ്ടിക്കാട്ടിയാണ് ഡി.ജി.സി.എ നോട്ടീസ്. ഇരുവർക്കുമെതിരെ നടപടിയെടുക്കാതിരിക്കാൻ കാരണങ്ങളുണ്ടെങ്കിൽ 24 മണിക്കൂറിനകം അറിയിക്കാനാണ് നോട്ടീസിലെ നിർദേശം.
കമ്പനി മേധാവി തന്‍റെ ഉത്തരവാദിത്വങ്ങൾ നിറവേറ്റിയില്ല. യാത്രക്കാർക്ക് വലിയ ക്ലേശം കമ്പനി കാരണമുണ്ടായെന്നും നോട്ടീസിൽ പറയുന്നുണ്ട്. ഇൻഡിഗോ പ്രതിസന്ധിയിൽ കർശന നടപടിയെടുക്കാത്തതിൽ ഡി.ജി.സി.എക്കും സിവിൽ വ്യോമയാന വകുപ്പിനുമെതിരെ രൂക്ഷവിമർശനം ഉയർന്നതിന് പിന്നാലെയാണ് ശനിയാഴ്ച കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
വിമാനങ്ങൾ തുടർച്ചയായി റദ്ദാക്കപ്പെട്ടതിനെ തുടർന്ന് യാത്രാപ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ ഡി.ജി.സി.എ, വെള്ളിയാഴ്ച മൂന്നംഗ അന്വേഷണ സമിതി രൂപീകരിച്ചിരുന്നു. വിഷയം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ രണ്ടാഴ്ചയാണ് സമിതിക്ക് അനുവദിച്ചിരിക്കുന്നത്.
അതേസമയം, രാജ്യത്തെ വിവിധ നഗരങ്ങളിലേക്കുള്ള വിമാനസർവീസുകൾ തടസപ്പെടുന്നത് തുടർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഞായറാഴ്ച രാത്രി എട്ടോടെ റദ്ദാക്കപ്പെട്ട ടിക്കറ്റുകളുടെ തുക തിരികെ നൽകണമെന്ന് മന്ത്രാലയം നിർദേശം നൽകിയതിന് പിന്നാലെ ഇൻഡിഗോ റീഫണ്ട് നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്. നാളെയോടെ ബാഗേജുകളും എത്തിച്ചു നൽകണമമെന്നാണ് നിർദ്ദേശം. സർവീസുകൾ സാധാരണനിലയിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്ന് ഇൻഡിഗോ അറിയിച്ചു.
ഇതിനിടെ, യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് റെയിൽവേ പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ എഗ്മോറിൽനിന്ന് തെലങ്കാനയിലെ ചർലപ്പള്ളിയിലേക്കും സെക്കന്ദരാബാദിൽനിന്ന് ചെന്നൈ എഗ്മോറിലേക്കുമാണ് ട്രെയിനുകൾ അനുവദിച്ചത്.
ചെന്നൈ എഗ്മോർ - ചർലപ്പള്ളി എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ ശനിയാഴ്ച 11.55 ന് ചെന്നൈ എഗ്മോറിൽനിന്ന് പുറപ്പെട്ട് ഡിസംബർ ഏഴിന് രണ്ടോടെ ചർലപ്പള്ളിയിൽ എത്തും. അതേസമയം, ഡിസംബർ ആറിനും 10നുമിടയിൽ ഓടുന്ന തിരുച്ചിറപ്പള്ളി - ജോധ്പൂർ ഹംസഫർ എക്സ്പ്രസ്, ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, മുംബൈ സി.എസ്.ടി - ചെന്നൈ ബീച്ച് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ഉൾപ്പെടെ ട്രെയിനുകളിൽ ഒരു എ.സി ത്രീ ടിയർ കോച്ച് കൂടി അനുവദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.