വിമാനദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളോട് എയർ ഇന്ത്യയുടെ ക്രൂരത; നഷ്ടപരിഹാരം കുറക്കാൻ ശ്രമിക്കുന്നുവെന്ന് ആക്ഷേപം

ന്യൂഡൽഹി: അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ചവരോട് എയർ ഇന്ത്യയുടെ ക്രൂരത. ഉറ്റവർ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോട് നഷ്ടപരിഹാരം ലഭിക്കുന്നതിന് വേണ്ടി നൽകേണ്ട ഫോമുകൾ ഉടൻ ഒപ്പിട്ട് നൽകാൻ എയർ ഇന്ത്യ നിർദേശിച്ചുവെന്നാണ് യു.കെ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നിയമസഹായ സ്ഥാപനം ആരോപിക്കുന്നത്.

40 കുടുംബങ്ങൾക്കാണ് പൂരിപ്പിച്ച് നൽകുന്നതിനായി എയർ ഇന്ത്യ അപേക്ഷ നൽകിയത്. ഇത് കൃത്യസമയത്ത് കൊടുത്തില്ലെങ്കിൽ നഷ്ടപരിഹാരം നൽകില്ലെന്ന് വിമാനകമ്പനി ഭീഷണിപ്പെടുത്തിയെന്നും ഉറ്റവർ നഷ്ടപ്പെട്ട വേദനയിൽ കഴിയുന്നവർക്ക് ഇത് കടുത്ത മാനസിക സമ്മർദമുണ്ടാക്കിയെന്നുമാണ് യു.കെ നിയമസ്ഥാപനം ആരോപിക്കുന്നത്.

സങ്കീർണമായ ചോദ്യാവലിയാണ് വിമാനദുരന്തത്തിലെ ഇരകളുടെ കുടുംബങ്ങൾക്ക് നൽകിയിരിക്കുന്നത്. അഡ്വാൻസായി നഷ്ടപരിഹാരം നൽകാനാണ് ഇതെന്നാണ് വിമാനകമ്പനിയുടെ വിശദീകരണം. എന്നാൽ, ഭാവിയിൽ ഉയർന്ന തുക നഷ്ടപരിഹാരം നൽകുന്നതിൽ നിന്ന് ഒഴിവാകാനാണ് എയർ ഇന്ത്യ ഇപ്പോൾ ഈ ഫോമുകൾ നൽകിയിരിക്കുന്നതെന്നും ആരോപണമുണ്ട്.

നിയമസഹായം തേടാൻ പോലും ആളുകൾക്ക് എയർ ഇന്ത്യ സമയം കൊടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ഈ​യൊരു സാഹചര്യത്തിൽ നിലവിൽ ഈ ഫോം പൂരിപ്പിച്ച് നൽകേണ്ടെന്നും നിയമവിദഗ്ധരുമായി കൂടിയാലോചിച്ചതിന് ശേഷം മാത്രം ഇത് നൽകിയാൽ മതിയെന്നാണ് നിയമ സ്ഥാപനം നൽകുന്ന മുന്നറിയിപ്പ്.

ജൂണ്‍ 12-ന് ആണ് 275 പേരുടെ മരണത്തിനിടയാക്കിയ വിമാന ദുരന്തമുണ്ടായത്. മരിച്ചവരില്‍ 241 പേര്‍ വിമാനത്തിനകത്തുണ്ടായിരുന്നവരും 34 പേര്‍ വിമാനം ഇടിച്ചിറങ്ങിയ കെട്ടിടത്തിലും പരിസരത്തും ഉണ്ടായിരുന്നവരും ആണ്. വിമാനത്തിലുണ്ടായിരുന്ന 242 യാത്രക്കാരില്‍ ഒരാള്‍ മാത്രമേ രക്ഷപ്പെട്ടുള്ളൂ. ഡിഎന്‍എ പരിശോധനയിലൂടെ എല്ലാവരുടെയും മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സാധിച്ചിട്ടുണ്ട്.

അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പറന്നുയര്‍ന്ന ബോയിങ് ഡ്രീംലൈനര്‍ വിമാനം പറന്ന് നിമിഷങ്ങള്‍ക്കകം വിമാനത്താവള പരിധിക്കപ്പുറത്തുള്ള ആശുപത്രി ഹോസ്റ്റല്‍ കെട്ടിട സമുച്ചയത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

Tags:    
News Summary - Air India's cruelty towards families of those killed in plane crash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.