ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് ലേയിലേക്ക് പറന്ന വിമാനത്തിൽ വനിത സുഹൃത്തിനെ കോക്പിറ്റിൽ ഇരുത്തിയ സംഭവത്തിൽ പൈലറ്റുമാർക്കെതിരെ നടപടിയെടുത്ത് എയർ ഇന്ത്യ. കഴിഞ്ഞാഴ്ച നടന്ന സംഭവത്തിലാണ് പൈലറ്റിനും സഹ പൈലറ്റിനുമെതിരെ എയർ ഇന്ത്യയുടെ നടപടി.
നിയമാനുസൃതമല്ലാതെ ഒരു വനിത യാത്രക്കാരി എ.ഐ- 445 വിമാനത്തിന്റെ കോക്പിറ്റിൽ കയറി എന്നു കാണിച്ച് കാബിൻ ക്രൂവിൽ നിന്ന് പരാതി ലഭിച്ച ഉടൻ നടപടി സ്വീകരിക്കുകയായിരുന്നു. പൈലറ്റിന്റെ സുഹൃത്താണിവർ. നിയമങ്ങൾ പാലിക്കാതെയാണിവർ കോക്പിറ്റിൽ കടന്നതെന്നും പരാതിയിൽ പറയുന്നു. അടുത്തിടെ ഇതു രണ്ടാം തവണയാണ് ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യുന്നത്.
സൈനികപരമായി ഏറെ പ്രാധാന്യമുള്ളതാണ് ഡൽഹി-ലേ മേഖല. രാജ്യത്തെ ഏറ്റവും അപകടം പിടിച്ച വ്യോമപാതയാണിത്. ഉയര്‍ന്ന മേഖലയായതിനാല്‍ ഓക്സിജന്‍ ലഭ്യതക്കുറവിനേത്തുടര്‍ന്ന് മികച്ച ആരോഗ്യക്ഷമതയും ഇവിടെ സുരക്ഷിതമായ ലാൻഡിങ്ങിന് പൈലറ്റുമാര്‍ക്ക് അത്യാവശ്യമാണ്. ഈ പാതയില്‍ അനുമതിയില്ലാത്ത വ്യക്തിയെ കോക്പിറ്റിനുള്ളില്‍ അനുവദിക്കുന്നത് നിയമലംഘനമാണ്.
സംഭവത്തെ കുറിച്ച് അന്വേഷിക്കാനായി എയർഇന്ത്യ അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചതായി ഡയറക്ട്‌റേറ്റ് ജനറൽ ഓഫ് സിവില്‍ ഏവിയേഷൻ (ഡി.ജി.സി.എ) വ്യക്തമാക്കി.
ഫെബ്രുവരി 27ന് ദുബയിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന എയർഇന്ത്യയുടെ എ.ഐ-915 വിമാനത്തിന്റെ കോക്പിറ്റിലേക്ക് വനിത സുഹൃത്തിനെ ക്ഷണിച്ച പൈലറ്റിന്റെ ലൈസൻസ് റദ്ദാക്കിയിരുന്നു. ഈ സംഭവത്തിൽ എയർഇന്ത്യക്ക് 30 ലക്ഷം രൂപ പിഴയിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.