ന്യൂഡൽഹി: എയർ ഇന്ത്യ 171 ബോയിങ് 787- 8 ഡ്രീംലൈനർ വിമാനദുരന്തത്തിന് കാരണം പൈലറ്റിന്റെ പിഴവോ സാങ്കേതിക തകരാറോ?. വിമാനാപകടത്തിന് കാരണമായത് പറന്നുയർന്ന ഉടനെ രണ്ട് എൻജിനുകളിലെയും ഇന്ധന സ്വിച്ചുകള്‍ റൺ മോഡിൽനിന്ന് കട്ട് ഓഫിലേക്ക് മാറിയതാണെന്ന് വ്യക്തമാക്കുന്നതാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്.
വിമാനത്തിലെ കോക്പിറ്റ് വോയ്സ് റെക്കോഡിങ്ങിൽ പതിഞ്ഞ പൈലറ്റുമാരുടെ സംഭാഷണവും ഇന്ധന സ്വിച്ചുകള്‍ ഓഫ് ആയതാണെന്ന് ഉറപ്പിക്കുന്നു. എന്നാൽ, പൈലറ്റുമാരുടെ പിഴവുമൂലം സംഭവിച്ചതാണോ സാങ്കേതിക തകരാറാണോ എന്ന് വ്യക്തമാകാൻ അന്തിമ അന്വേഷണ റിപ്പോർട്ട് വരെ കാത്തിരിക്കേണ്ടിവരും.
എന്തിനാണ് സ്വിച്ച് ഓഫ് ചെയ്തതെന്ന് പൈലറ്റ് സഹ പൈലറ്റിനോട് ചോദിക്കുമ്പോൾ താനല്ല ഓഫ് ചെയ്തതെന്ന് മറുപടി നൽകുന്നുണ്ട്. ചോദിച്ച പൈലറ്റും മറുപടി നൽകിയ പൈലറ്റും ആരാണെന്ന് വ്യക്തമല്ല. ലഭിച്ച സംഭാഷണത്തിന്റെ വിശദ വിശകലനം പൂർത്തിയായാൽ മാത്രമേ കോക്പിറ്റിലെ ചോദ്യവും മറുപടിയും ആരുടേതാണെന്ന് വ്യക്തമാകൂ.
പൈലറ്റ് - ഇൻ - കമാൻഡായ സുമീത് സബർവാൾ ബോയിങ് 787 വിമാനം ഏകദേശം 8,600 മണിക്കൂർ പറത്തിയും വിമാനം നിയന്ത്രിച്ചിരുന്ന ഫസ്റ്റ് ഓഫിസർ ക്ലൈവ് കുന്ദർ 1,100 മണിക്കൂറിലധികം വിമാനം പറത്തിയും പരിചയമുള്ളവരാണ്. ബോയിങ് 787 വിമാനത്തിൽ, ത്രസ്റ്റ് ലിവറുകൾക്ക് താഴെയാണ് ഫ്യുവൽ സ്വിച്ചുകൾ സ്ഥാപിച്ചിട്ടുള്ളത്.
പൈലറ്റിന് അബദ്ധത്തിൽ ഓഫ് ചെയ്യാൻ കഴിയുന്നതരത്തിലല്ല ഇതിന്റെ ഘടന. റൺ മോഡിൽനിന്ന് കട്ട് ഓഫിലേക്ക് മാറ്റണമെങ്കിൽ പൈലറ്റ് ആദ്യം സ്വിച്ച് മുകളിലേക്ക് വലിച്ചുയർത്തണം. ഇതിനുശേഷമേ അടുത്ത മോഡിലേക്ക് മാറ്റാൻ സാധിക്കുകയുള്ളൂ. വിമാനത്തിന്റെ ലാൻഡിങ് ഗിയർ ഉയർത്തുന്ന ലിവറും ഇന്ധന സ്വിച്ചും തമ്മിൽ പരസ്പരം മാറിപ്പോകാൻ സാധ്യതയില്ല. ഇവ രണ്ടു വ്യത്യസ്ത സ്ഥാനങ്ങളിലും രൂപത്തിലുമാണ്.
രണ്ട് സ്വിച്ചുകളും ഒരു സെക്കൻഡ് വ്യത്യാസത്തിലാണ് ഓഫ് ആയത്. ഉടൻ റൺ മോഡിലേക്ക് മാറ്റാനുള്ള ശ്രമം നടത്തിയിട്ടുണ്ട്. എൻജിൻ 1 പ്രവർത്തനക്ഷമമാകുന്നതിന്റെ ലക്ഷണങ്ങൾ കാണിച്ചുവെങ്കിലും എൻജിൻ 2 പുനഃസ്ഥാപിക്കാനുള്ള ശ്രമം വിജയിച്ചില്ല. ഇതിന് മുമ്പേ വിമാനം തകർന്നുവീഴുകയായിരുന്നു.
എല്ലാ വൈദ്യുതി സ്രോതസ്സുകളും പ്രവർത്തനരഹിതമാകുമ്പോൾ മാത്രം വിമാനത്തിന്റെ അടിയിൽനിന്ന് പുറത്തെത്തി കാറ്റിൽ കറങ്ങി പ്രവർത്തിച്ചു തുടങ്ങുന്ന റാം എയർ ടർബൈൻ എന്ന റാറ്റ് പുറത്തേക്കു വന്നതായി സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്.
വിമാനത്തെ അന്തരീക്ഷത്തിൽ അൽപനേരം നിർത്താൻ സഹായിക്കുന്നതാണിത്. വൈദ്യുതി സംവിധാനങ്ങളെല്ലാം തകരാറിലാകുമ്പോഴാണ് റാറ്റ് പ്രവർത്തിക്കുക. ഓക്സിലിയറി പവർ യൂനിറ്റും (എ.പി.യു) വിമാനത്തിന് ഊർജം നൽകേണ്ടിയിരുന്ന ബാറ്ററി യൂനിറ്റും പ്രവർത്തിക്കാതെ വന്നാലെ റാറ്റ് പുറത്തുവരൂ. ഒന്നാം എൻജിന്റെ ഇന്ധന സ്വിച്ച് ഓൺചെയ്ത് സെക്കൻഡുകൾക്കുള്ളിൽ ഓക്സിലിയറി പവർ യൂനിറ്റ് പ്രവർത്തനക്ഷമമായെന്ന് കണ്ടെത്തിയിട്ടുണ്ട്.
ന്യൂഡൽഹി: അഹ്മദാബാദ് വിമാനദുരന്തത്തിൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എ.എ.ഐ.ബി) സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിനെതിരെ പൈലറ്റ് അസോസിയേഷൻ. ദുരന്തം പൈലറ്റിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമാണ് റിപ്പോര്‍ട്ടിലുള്ളതെന്നും അന്വേഷണത്തിലെ രഹസ്യ സ്വഭാവം ആശ്ചര്യപ്പെടുത്തുന്നുവെന്നും റിപ്പോർട്ട് പുറത്തുവന്നതിന് വന്നാലെ എയർലൈൻ പൈലറ്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എ.എൽ.പി.എ) വാർത്തക്കുറിപ്പിൽ പറഞ്ഞു.
റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെ ശക്തമായി അപലപിക്കുന്നു. വിവരശേഖരണത്തിന് യോഗ്യരായവരെ നിയോഗിച്ചില്ല. സംഭവത്തിൽ നീതിയുക്തവും വസ്തുതാധിഷ്ഠിതവുമായ അന്വേഷണം വേണമെന്നും ഔദ്യോഗിക വഴിയിലൂടെയല്ല റിപ്പോർട്ട് മാധ്യമങ്ങൾക്ക് ലഭിച്ചതെന്നും എ.എൽ.പി.എ കുറ്റപ്പെടുത്തി.
എന്നാൽ, പ്രാഥമിക റിപ്പോര്‍ട്ടാണ് നിലവില്‍ പുറത്തുവന്നിട്ടുള്ളതെന്നും അന്തിമ റിപ്പോര്‍ട്ട് വരുംവരെ നിഗമനങ്ങളില്‍ എത്തിച്ചേരരുതെന്നും വ്യോമയാന സഹമന്ത്രി മുരളീധർ മോഹോൾ അഭ്യര്‍ഥിച്ചു. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ സ്വയംഭരണ സ്ഥാപനമാണെന്നും മന്ത്രാലയം അവരുടെ പ്രവർത്തനങ്ങളിൽ ഇടപെടുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തുടരന്വേഷണവുമായി സഹകരിക്കുമെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ വിമാനക്കമ്പനിയായ ബോയിങ് പ്രതികരിച്ചു. എ.എ.ഐ.ബി ഉദ്യോഗസ്ഥരാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. ഇന്ത്യൻ വ്യോമസേന, ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്, വിമാനം രൂപകൽപന ചെയ്ത് നിർമിച്ച രാജ്യത്തെ പ്രതിനിധാനം ചെയ്യുന്ന യു.എസ് നാഷനൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് എന്നിവയിലെ സാങ്കേതിക വിദഗ്ധരാണ് അന്വേഷണ സംഘത്തിൽ ഉൾപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.