ഹൈദരാബാദ് കൂട്ടബലാത്സംഗം: എ.ഐ.എം.ഐ.എം എം.എൽ.എയുടെ മകൻ അറസ്റ്റിൽ

ഹൈദരാബാദ്: ഹൈദരാബാദിൽ കൂട്ടബലാത്സംഗക്കേസിൽ എ.ഐ.എം.ഐ.എം എം.എൽ.എയുടെ പ്രായപൂർത്തിയാകാത്ത മകനെ പൊലീസ് അറസ്റ്റ് ചെയ്തു. മകനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയതിന് പിറകെയാണ് അറസ്റ്റ്. ഇതോടെ കേസിൽ ആറ് പ്രതികളായി. ഒരു മുതിർന്നയാളും അഞ്ച് കുട്ടികളു​മാണ് പ്രതികൾ. എല്ലാ പ്രതികളും നിലവിൽ പൊലീസ് കസ്റ്റിയിലാണ്.

ആദ്യ അഞ്ചുപേർക്കെതിരെ കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപാകൽ, ഉപദ്രവിക്കൽ എന്നിവ കൂടാതെ, പോക്സോ ​നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. ഈ കുറ്റങ്ങൾക്ക് വധശിക്ഷ, ജീവപര്യന്തം അല്ലെങ്കിൽ 20 വർഷം തടവാണ് കൂടിയ ശിക്ഷ.

എം.എൽ.എയുടെ മകനെതിരെ സ്ത്രീത്വത്തെ അപമാനിക്കൽ, ഉപദ്രവിക്കൽ, ലൈംഗിക പീഡനം എന്നീ കുറ്റങ്ങളാണ് ചുമത്തിയത്.

പ്രതികൾക്കെതിരെ ശക്തമായ വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്നും പരമാവധി ശിക്ഷ ലഭ്യമാകുമെന്നും ഹൈദരാബാദ് പൊലീസ് കമീഷണർ സി.വി ആനന്ദ് പറഞ്ഞു.

കഴിഞ്ഞ ദിവസം ബി.ജെ.പി എം.എൽ.എ രഘുനന്ദൻ റാവു പീഡനത്തിനിരയായ പെൺകുട്ടിയുടെ ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു. എ.ഐ.എം.ഐ.എം എം.എൽ.എയുടെ മകൻ പ്രതികളിലുൾപ്പെട്ടെന്ന ആരോപണം തെളിയിക്കാനായാണ് രഘുനന്ദൻ റാവു ദൃശ്യങ്ങൾ പുറത്തുവിട്ടത്. പെൺകുട്ടിക്കൊപ്പം എം.എൽ.എയടെ മകനും കാറിലുണ്ടായിരുന്നു. എന്നാൽ പൊലീസ് ഇക്കാര്യം മറച്ചുവെക്കുകയാണെന്ന് രഘുനന്ദൻ റാവു ആരോപിച്ചിരുന്നു.

എന്നാൽ എം.എൽ.എയുടെ മകൻ കുറ്റകൃത്യത്തിൽ പങ്കാളിയല്ലെന്നും കാറിൽ കുറച്ച് ദൂരം യാത്ര ചെയ്ത് പാസ്ട്രി ഷോപ്പിനു മുന്നിൽ ഇറങ്ങിയെന്നുമായിരുന്നു തുടക്കത്തിൽ പൊലീസ് പറഞ്ഞിരുന്നത്. എന്നാൽ ബി.ജെ.പി എം.എൽ.എ വിഡിയോ പുറത്തുവിട്ടതോടെ, കേസിൽ എം.എൽ.എയുടെ മകന്റെ പങ്കാളിത്തം തിരിച്ചറിഞ്ഞുവെന്ന് പൊലീസ് കമീഷണർ വ്യക്തമാക്കി.

മേയ് 28നാണ് ഹൈദരാബാദിലെ പബ്ബിൽ പാർട്ടിക്ക് പോയ കൗമാരക്കാരിയായ പെൺകുട്ടിയെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികളായ അഞ്ച് കൗമാരക്കാർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തത്.

ഉച്ചക്ക് ഒരുമണിയോടു കൂടിയാണ് പെൺകുട്ടി പബിലെത്തിയത്. 100 ഓളം കുട്ടികൾ പബിലെ പാർട്ടിയിൽ പ​ങ്കെടുത്തിരുന്നു. 1300 രൂപ ഫീസ് നൽകിക്കൊണ്ടായിരുന്നു ഓരോ കുട്ടികളുടെയും പ്രവേശനം. അതേസമയം, ഉസ്മാൻ അലിഖാൻ എന്നയാളുടെ പേരിൽ ആ​ളൊന്നിന് 900 രൂപ വെച്ചാണ് പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾ പബ് ബുക്ക് ചെയ്തത്.

സ്കൂൾ തുറക്കുന്നതിനു മുമ്പുള്ള ആ​ഘോഷത്തിന് വേണ്ടിയാണ് അക്രമികളിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾ പബ് ബുക്ക് ചെയ്തത്. പെൺകുട്ടിയും സുഹൃത്തും ഈ പാർട്ടിക്കാണ് വന്നത്. പബിനുള്ളിൽ ​വൈകീട്ട് മൂന്ന് മുതൽ തന്നെ ​െപൺകുട്ടിയെ ശല്യപ്പെടുത്താൻ തുടങ്ങിയിരുന്നെന്ന് പൊലീസ് പറഞ്ഞു. സുഹൃത്ത് മടങ്ങിയ ശേഷം 5.40 ഓടെ പെൺകുട്ടിയെ തന്ത്രപരമായി പബിന് പുറത്തെത്തിച്ചു. എന്നിട്ട് വീട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നിർത്തിയട്ട കാറിൽ കയറ്റി. കാറിൽ പെൺകുട്ടിയെ അക്രമികൾ ഊഴമിട്ട് പീഡിപ്പിച്ചു. ഈ സമയം മറ്റുള്ളവർ കാറിന് പുറത്ത് കാവൽ നിന്നുവെന്നും പൊലീസ് പറഞ്ഞു.

പ്രതികളായ മൂന്ന് കുട്ടികളിൽ ഒരാൾ സർക്കാറിന്റെ ന്യൂനപക്ഷ സ്ഥാപനത്തിലെ ചെയർമാന്റെ മകനാണ്. രണ്ടാമത്തെത് ടി.ആർ.എസ് നേതാവിന്റെ മകനും മൂന്നാമത്തെത് ഗ്രേറ്റർ ഹൈദരാബാദ് മുൻസിപ്പൽ കോർപ്പറേഷനിലെ സഹകാരിയുടെ മകനുമാണ്. കഴിഞ്ഞ ദിവസം മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരായി പെൺകുട്ടി മൊഴി നൽകിയിരുന്നു. രാഷ്ട്രീയ സ്വാധീനമുള്ളവരുടെ കുട്ടികൾ ഉൾപ്പെട്ട കേസിൽ രണ്ടുദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണ​മെന്ന് ഗവർണർ തമിഴിസൈ സൗന്ദരരാജൻ ആവശ്യപ്പെട്ടതോടെയാണ് കേസിന് ജീവൻ വെച്ചത്.

പ്രതികൾ ഉപയോഗിച്ച കാറിൽ നിന്നും പൊലീസിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. പെൺകുട്ടിയെ പീഡിപ്പിക്കാൻ പ്രതികൾ ഉപയോഗിച്ച ഇന്നോവ കാർ ഹൈദരാബാദിലെ പ്രാന്ത പ്രദേശത്തുള്ള മൊയിനാബാദിലെ ഫാം ഹൗസിൽ നിന്ന് ഞായറാഴ്ചയാണ് പൊലീസ് കണ്ടെത്തിയത്. കാർ കഴുകി വൃത്തിയാക്കിയ നിലയിലായിരുന്നു. എന്നാൽ ഫൊറൻസിക് സംഘത്തിന് കാറിൽ നിന്ന് ലൈംഗിക പീഡനം തെളിയിക്കുന്നതിനാവശ്യമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികൾ ഉപയോഗിച്ച ടിഷ്യു, പീഡനത്തിനിരയായ പെൺകുട്ടിയുടെ കമ്മലുകളിൽ ഒന്ന് തുടങ്ങിയവ തെളിവുകളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നതാണ്. 

Tags:    
News Summary - AIMIM MLA's son arrested in Hyderabad gang-rape case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.