ന്യൂഡൽഹി: അഹ്മദാബാദ് വിമാനദുരന്തം പൈലറ്റുമാരുടെ കുഴപ്പമല്ലെന്നും അത്തരത്തിൽ വിദേശ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ ആരും വിശ്വക്കില്ലെന്നും സുപ്രീംകോടതി. പൈലറ്റിന്റെ പിതാവ് ദുരന്തത്തിന്റെ ദുഃഖഭാരം ചുമക്കേണ്ട കാര്യമില്ലെന്നും കോടതി പറഞ്ഞു.
ദുരന്തത്തിൽ മരിച്ച പൈലറ്റുമാരിൽ ഫ്ലൈറ്റ് കമാൻഡർ ആയിരുന്ന സുമിത് സബർവാളിന്റെ, പിതാവ് പുഷ്കരാജ് സബർവാൾ സ്വതന്ത്ര ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. സംഭവത്തെക്കുറിച്ച് റിട്ട. ജഡ്ജിയുടെ മേൽനോട്ടത്തിൽ നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര സർക്കാറിന് നോട്ടീസ് അയച്ചു.
നിലവിൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എ.എ.ഐ.ബി) നടത്തുന്നത് സ്വതന്ത്രമായ അന്വേഷണമല്ലെന്ന് ഹരജിക്കാരനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണന് പറഞ്ഞു.
ദുരന്തം അങ്ങേയറ്റം നിർഭാഗ്യകരമാണെന്ന് ചൂണ്ടിക്കാട്ടിയ ബെഞ്ച് പിതാവ് ആ ദുഃഖഭാരം ചുമക്കേണ്ട കാര്യമില്ലെന്നും എ.എ.ഐ.ബി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പൈലറ്റുമാർക്കെതിരെ പരാമർശമില്ലെന്നും വ്യക്തമാക്കി.
വാൾ സ്ട്രീറ്റ് ജേണലിൽ വന്ന റിപ്പോർട്ടിൽ പൈലറ്റിന്റെ ഭാഗത്തെ പിഴവിനെക്കുറിച്ച് പരാമർശമുണ്ടെന്ന് അഭിഭാഷകൻ പറഞ്ഞപ്പോൾ വിദേശ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ കാര്യമാക്കുന്നില്ലെന്നായിരുന്നു കോടതിയുടെ മറുപടി. അത് ദുഷിച്ച റിപ്പോർട്ടിങ്ങാണെന്നും പൈലറ്റിന് പിഴവ് സംഭവിച്ചെന്ന് ഇന്ത്യയിൽ ഒരാളും വിശ്വസിക്കില്ലെന്നും വിദേശ മാധ്യമ റിപ്പോർട്ടുകൾ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ സ്വാധീനിക്കില്ലെന്നും കോടതി വ്യക്തമാക്കി. ഹരജിയും അനുബന്ധ വിഷയങ്ങളും ചേർത്ത് കോടതി നവംബർ 10 ന് വീണ്ടും പരിഗണിക്കും. 260 പേരുടെ മരണത്തിനിടയാക്കിയ എയർ ഇന്ത്യ ഡ്രീംലൈനർ വിമാന ദുരന്തം കഴിഞ്ഞ ജൂൺ 12 നാണുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.