അഹ്മദാബാദ്: അഹ്മദാബാദ് എയർ ഇന്ത്യ വിമാനദുരന്തത്തില്‍ മരിച്ച അഞ്ചു പേരെ കൂടി തിരിച്ചറിഞ്ഞു. 220 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. ഇതില്‍ 157 പേര്‍ ഇന്ത്യക്കാരും 34 പേര്‍ യു.കെ പൗരന്മാരും ഏഴു പേര്‍ പോര്‍ച്ചുഗീസുകാരുമാണ്. ഇതുവരെ 202 മൃതദേഹങ്ങള്‍ വിട്ടുനല്‍കി. അപകടത്തില്‍ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം ഇതുവരേയും തിരിച്ചറിഞ്ഞിട്ടില്ല. അവരുടെ ബന്ധുക്കൾ അഹ്മദാബാദിലുണ്ട്. അതേസമയം വിമാനത്തില്‍ നിന്നും ലഭിച്ച ബ്ലാക്ക് ബോക്‌സ് എവിടെയാണ് പരിശോധനക്ക് അയക്കേണ്ടതെന്ന് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ തീരുമാനമെടുക്കുമെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. രണ്ട് വ്യത്യസ്ത ബ്ലാക്ക് ബോക്‌സാണ് വിമാനത്തില്‍ നിന്ന് കണ്ടെത്തിയത്. വിമാനത്തിന്റെ സുപ്രധാന വിവരങ്ങളടങ്ങിയ ബ്ലാക്ക് ബോക്സിന് സാരമായ കേടുപാടുകളുണ്ടെന്നാണ് വിലയിരുത്തല്‍. ഡിജിറ്റല്‍ ഫ്‌ളൈറ്റ് ഡാറ്റാ റെക്കോര്‍ഡറിനാണ് കേടുപാട് പറ്റിയത്. അതേസമയം, അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന വിവിധ അന്വേഷണ സംഘങ്ങൾ വെള്ളിയാഴ്ചയും ദുരന്ത ഭൂമിയിൽ പരിശോധന നടത്തി. ജൂൺ 12നാണ് അഹ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ ബോയിങ് വിമാനം ടേക് ഓഫിന് പിന്നാലെ തകർന്ന് മലയാളി ഉൾപ്പെടെ 270 പേർ കൊല്ലപ്പെട്ടത്. വിമാനത്തിലുണ്ടായ 242 പേരിൽ ഒരാളൊഴികെ എല്ലാവരും മരിച്ചിരുന്നു. വിമാനം തകർന്നുവീണ ഹോസ്റ്റൽ കെട്ടിടത്തിലെ എം.ബി.ബി.എസ് വിദ്യാർഥികൾ ഉൾപ്പെടെ യാത്രികരല്ലാത്ത 29 പേരും മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.