അഹ്മദാബാദ് വിമാനാപകടം; 190 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു, മലയാളി നഴ്സ് രഞ്ജിതയുടെ ഡി.എൻ.എ ഫലം ലഭ്യമായില്ല

അഹ്മദാബാദ്: അഹ്മദാബാദ് വിമാനാപകടത്തിൽ മരിച്ച 190 പേരുടെ മൃതദേഹം ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞെന്ന് ഗുജറാത്ത് സർക്കാർ അറിയിച്ചു. ഇതിൽ 123 പേർ ഇന്ത്യക്കാരാണ്. ഏ​ഴു പോർചുഗീസ് പൗരന്മാർ, 27 ബ്രിട്ടീഷ് പൗരന്മാർ, ഒരു കാനഡ പൗരൻ, നാല് നാട്ടുകാർ എന്നിവരുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്.

മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ ഡി.എൻ.എ ഫലം ഇതുവരെ ലഭ്യമായിട്ടില്ല. അതേസമയം, മരിച്ച കൂടുതൽ യാത്രക്കാരെ തിരിച്ചറിയാനുള്ള നടപടികൾ ഊർജിതമായി തുടരുകയാണ്. പല മൃതദേഹങ്ങളും തിരിച്ചറിയാൻ കഴിയാത്ത വിധത്തിലായതിനാലാണ് ഡി.എൻ.എ പരിശോധനകൾ നടത്തുന്നത്. തിരിച്ചറിഞ്ഞ മറ്റുള്ളവരുടെ മൃതദേഹങ്ങൾ ഉടൻ കൈമാറും. എല്ലാവരുടെയും ഡി.എൻ.എ പ്രൊഫൈലിങ് പെട്ടെന്ന് പൂർത്തിയാകുമെന്ന് അഹ്മദാബാദ് സിവിൽ ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് ഡോ. രാകേഷ് ജോഷി പറഞ്ഞു.

‌അതിനിടെ, വിമാന അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട യാത്രക്കാരൻ ബിശ്വാസ് കുമാർ ആശുപത്രി വിട്ടു. അന്വേഷണ സംഘത്തിൻ്റെ നിർദ്ദേശ പ്രകാരം ബിശ്വാസിനെ ഹോട്ടലിലേക്ക് മാറ്റി. 242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ ഒരാളൊഴികെ 241 പേരും മരിക്കുകയായിരുന്നു. അപകടകാരണം അന്വേഷിച്ചുള്ള വിവിധ ഏജൻസികളുടെ പരിശോധന തുടരുകയാണ്. അതിനിടെ, വിമാന അപകടമുണ്ടായ സ്ഥലത്തുനിന്ന് ചൊവ്വാഴ്ചയും രണ്ട് ശരീരഭാഗങ്ങൾ കണ്ടെത്തി.

ജൂൺ 12നാണ് അഹ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ ബോയിങ് വിമാനം ടേക് ഓഫിന് പിന്നാലെ തകർന്ന് മലയാളി ഉൾപ്പെടെ 270 പേർ കൊല്ലപ്പെട്ടത്. വിമാനത്തിലുണ്ടായ 242 പേരിൽ ഒരാളൊഴികെ എല്ലാവരും മരിച്ചിരുന്നു. വിമാനം തകർന്നുവീണ ഹോസ്റ്റൽ കെട്ടിടത്തിലെ എം.ബി.ബി.എസ് വിദ്യാർഥികൾ ഉൾപ്പെടെ യാത്രികരല്ലാത്ത 29 പേരും മരിച്ചു. 

Tags:    
News Summary - Ahmedabad plane crash; 190 bodies identified, DNA results of Malayali nurse Ranjitha not available

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.