30 ലക്ഷം രൂപ വിലവരുന്ന പ്രീമിയം മഷിപേനകൾ കടത്തി; അഹമ്മദാബാദ് വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ

അഹമ്മദാബാദ്: 30 ലക്ഷം രൂപ വിലവരുന്ന ഡിസൈനർ പേനകളുമായി അഹമ്മദാബാദ് വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ. ജപ്പാനിൽ നിന്ന് വിയറ്റ്നാം വഴിയെത്തിയ യാത്രക്കാരനാണ് പിടിയിലായത്. അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.

നികുതി വെട്ടിച്ച് കടത്തിയ 61 പ്രീമിയം ഡിസൈനർ പേനകളാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. ഹോ ചി മിൻ സിറ്റി വഴിയുള്ള വിയറ്റ്ജെറ്റ് വിമാനമായ വിജെ 1805 ൽ ഇറങ്ങിയ യാത്രക്കാരൻ പതിവ് പരിശോധനകൾക്കിടെയാണ് പിടിയിലായത്. സംശയാസ്പദമായ ​പെരുമാറ്റത്തെ തുടർന്ന് ഇയാളുടെ ബാഗേജ് കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കുകയായിരുന്നു. തുടർന്ന് ലഗേജിനുള്ളിൽ ഒളിപ്പിച്ച 61ഓളം പ്രീമിയം മഷി പേനകൾ ഉദ്യോഗസ്ഥർ കണ്ടെത്തി. ഓരോ പേനക്കും 40,000 മുതൽ 50,000 രൂപ വരെ വിലവരും.

1962ലെ കസ്റ്റംസ് നിയമ പ്രകാരം മുഴുവൻ പേനകളും പിടിച്ചെടുത്തു. യാത്രക്കാരനെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. പേനകൾ വ്യക്തിഗത ഉപയോഗത്തിനാണോ അതോ കള്ളക്കടത്ത് ശൃംഖലയുടെ ഭാഗമാണോ എന്നും അധികൃതർ അന്വേഷിക്കുന്നുണ്ട്.

Tags:    
News Summary - Ahmedabad airport customs seize 61 designer pens worth up to Rs 30 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.