മഹാദേവപുര നിയമസഭ മണ്ഡലത്തിൽ വിജയിച്ച ബി.ജെ.പി നേതാക്കളായ അരവിന്ദ് ലിംബാവലിയും ഭാര്യ മഞ്ജുളയും (ഫയൽ ചിത്രം)
ബംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ കൃത്രിമം നടന്നതായി രാഹുൽ ഗാന്ധി വെളിപ്പെടുത്തിയ കർണാടകയിലെ മഹാദേവപുരയിൽ ബി.ജെ.പിയുടെ കള്ളക്കളിയെ കുറിച്ച് നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു. 2008ൽ മണ്ഡല പുനർ നിർണയം നടന്നതുമുതൽ പിന്നീടുള്ള എല്ലാ നിയമസഭ തെരഞ്ഞെടുപ്പിലും ബി.ജെ.പി ജയിച്ചുവന്ന മണ്ഡലമാണിത്. 2008, 2013, 2018 തെരഞ്ഞെടുപ്പുകളിൽ അരവിന്ദ് ലിംബാവലിയും 2023ൽ ലിംബാവലിയുടെ ഭാര്യ മഞ്ജുളയും ബി.ജെ.പിക്കായി സീറ്റ് നേടി.
2023ൽ കർണാടക മുഴുവൻ കോൺഗ്രസ് തരംഗം വീശിയപ്പോഴും ബി.ജെ.പി 4.48 ശതമാനം വോട്ടുയർത്തിയ മണ്ഡലം കൂടിയാണിത്. 1,81,731 വോട്ടാണ് (54.1 ശതമാനം) ഈ മണ്ഡലത്തിൽ ബി.ജെ.പി നേടിയത്. മഹാദേവപുര ഉൾപ്പെടുന്ന ബംഗളൂരു സെൻട്രൽ ലോക്സഭ മണ്ഡലവും മണ്ഡല രൂപവത്കരണത്തിനുശേഷം നടന്ന 2009 തെരഞ്ഞെടുപ്പ് മുതൽ ബി.ജെ.പിയുടെ കൈയിലാണ്. തുടർച്ചയായി നാല് തെരഞ്ഞെടുപ്പുകളിൽ പി.സി. മോഹനാണ് വിജയിച്ചത്. പി.സി. മോഹന് 6,58,915 വോട്ടും എതിർ സ്ഥാനാർഥി കോൺഗ്രസിന്റെ മൻസൂർ അലിഖാന് 6,26,208 വോട്ടുമാണ് ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പി.സി. മോഹന്റെ വോട്ടുനില 0.30 ശതമാനം കുറഞ്ഞിരുന്നു. 2019ലെ തെരഞ്ഞെടുപ്പിലും 2014ലേതിനേക്കാൾ 1.50 ശതമാനം കുറവ് വോട്ടാണ് പി.സി. മോഹന് ലഭിച്ചത്. 2024ൽ പി.സി. മോഹന്റെ വിജയം 32707 വോട്ടിനായിരുന്നു.
മഹാദേവപുര നിയമസഭ മണ്ഡലത്തിൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുവേളയിലും വോട്ടർ പട്ടികയിൽ കൃത്രിമം നടന്നതായി ചൂണ്ടിക്കാട്ടി കോൺഗ്രസ് പരാതി നൽകിയിരുന്നു. എന്നാൽ, ഈ പരാതി ലഭിച്ചിട്ടില്ലെന്നാണ് കർണാടക മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ ഓഫിസിൽനിന്നുള്ള പ്രതികരണം. ഇപ്പോൾ രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലിൽ വിവാദം കത്തിനിൽക്കവെയാണ് നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ് സ്ഥാനാർഥി നൽകിയ പരാതി വീണ്ടും ചർച്ചയാവുന്നത്.
2023ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മുൻ മന്ത്രി കൂടിയായ എച്ച്. നാഗേഷായിരുന്നു കോൺഗ്രസിന്റെ സ്ഥാനാർഥി. ബി.ജെ.പി സ്ഥാനാർഥിയായി മുൻ മന്ത്രി അരവിന്ദ് ലിംബാവലിയുടെ ഭാര്യ എസ്. മഞ്ജുള ലിംബാവലിയും. മേയ് 10ന് നടന്ന തെരഞ്ഞെടുപ്പിൽ 44,000 വോട്ടിന് മഞ്ജുളയോട് എച്ച്. നാഗേഷ് പരാജയപ്പെട്ടു. എന്നാൽ, മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നതായി ചൂണ്ടിക്കാട്ടി ഏപ്രിലിൽ തന്നെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിരുന്നതായി നാഗേഷ് ചൂണ്ടിക്കാട്ടുന്നു.
വോട്ടർപട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് ബംഗളൂരുവിൽ കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുന്നതിന് മുന്നോടിയായി ഈ പരാതിയിലെ നടപടികൾ അറിയാൻ കഴിഞ്ഞ ജൂലൈ 31ന് നാഗേഷ് തെരഞ്ഞെടുപ്പ് കമീഷന് കത്തുനൽകി. 2023 ഏപ്രിലിൽ താൻ നൽകിയ കത്തിനോടൊപ്പം സമർപ്പിച്ച രേഖകളുടെ പകർപ്പ് ആവശ്യപ്പെട്ടായിരുന്നു കത്ത്.
എന്നാൽ, ആഗസ്റ്റ് രണ്ടിന് കത്തിന് മറുപടി നൽകിയ ജോയന്റ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറായ എസ്. യോഗേശ്വർ, അത്തരമൊരു കത്ത് ഓഫിസിൽ ലഭ്യമല്ലെന്നും അത്തരമൊരു പരാതി ലഭിച്ചിട്ടില്ലെന്നും അറിയിച്ചു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് സമയത്തും ലോക്സഭ തെരഞ്ഞെടുപ്പ് സമയത്തും വിവാദത്തിൽ നിറഞ്ഞുനിന്ന നിയമസഭ മണ്ഡലമായിരുന്നു ബംഗളൂരു സെൻട്രലിൽ ഉൾപ്പെട്ട മഹാദേവപുര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.