ന്യൂഡൽഹി: 1984 ലെ സിഖ് വിരുദ്ധ കലാപത്തിനിടെ ഡ്യൂട്ടി ചെയ്യാത്തതിനും മോശം പെരുമാറ്റത്തിനും വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ എടുത്ത കേസിൽ പുതിയ ശിക്ഷാ ഉത്തരവ് നൽകണമെന്ന് അച്ചടക്ക സമിതിക്ക് നിർദേശം നൽകി ഡൽഹി ഹൈകോടതി. സിഖ് വിരുദ്ധ കലാപത്തെ പ്രതി രാജ്യം ഇന്നും രക്തം ചിന്തുകയാണെന്നും വിരമിച്ചവരെ പ്രായം സഹായിക്കില്ലെന്നും ഹൈകോടതി നിരീക്ഷിച്ചു.
കലാപത്തിനിടെ നിരപരാധികൾക്ക് ജീവൻ നഷ്ടപ്പെട്ടെന്നും കിംഗ്‌സ്‌വേ ക്യാമ്പ് പൊലീസ് സ്റ്റേഷനിലെ അന്നത്തെ എസ്.എച്ച്.ഒ ദുർഗാ പ്രസാദിനെതിരെ ഗുരുതരമായ ആരോപണങ്ങളുണ്ടെന്നും ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ, ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പറഞ്ഞു.
'അദ്ദേഹത്തിന് 100 വയസ്സ് ഉണ്ടായിരിക്കാം. പക്ഷേ, അന്നത്തെ പെരുമാറ്റം കാരണം നിരപരാധികൾക്ക് ജീവൻ നഷ്ടപ്പെട്ടു. രാജ്യം ഇപ്പോഴും അതിന്റെ പേരിൽ രക്തം ചൊരിയുന്നു. ഈ സാഹചര്യത്തിൽ നിങ്ങൾക്ക് രക്ഷപ്പെടാൻ സാധിക്കില്ല. പ്രായം നിങ്ങളെ സഹായിക്കില്ല' -അദ്ദേഹത്തിന് ഇപ്പോൾ 79 വയസ്സുണ്ടെന്ന് ഹരജിക്കാരന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോൾ കോടതി പറഞ്ഞു
പൊലീസ് ഉദ്യോഗസ്ഥൻ ജോലിയിൽ നിന്ന് വിരമിച്ചതിനാൽ, വിരമിക്കൽ തീയതിയും പെൻഷൻ നിയമങ്ങളും കണക്കിലെടുത്ത് ഉചിതമായ ശിക്ഷാ ഉത്തരവ് പുറപ്പെടുവിക്കാൻ അച്ചടക്ക അതോറിറ്റിക്ക് സ്വാതന്ത്ര്യമുണ്ടെന്ന് കോടതി പറഞ്ഞു. രാജ്യ തലസ്ഥാനത്ത് 'ഏറ്റവും ദൗർഭാഗ്യകരമായ ദുരന്തം ഉണ്ടായപ്പോൾ' ഹരജിക്കാരൻ പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ആയിരുന്നുവെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. 1990-കളിൽ പ്രസാദിനെതിരെ അദ്ദേഹത്തിന്റെ വകുപ്പ് ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു. അച്ചടക്ക അതോറിറ്റിക്ക് നിയമത്തിന് അനുസൃതമായി ഉചിതമായ ഉത്തരവ് പുറപ്പെടുവിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കി.
സിഖ് വിരുദ്ധ കലാപം കൈകാര്യം ചെയ്തത് ശരിയായില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ഉദ്യോഗ്സഥൻ കുറ്റക്കാരനാണെന്ന് അച്ചടക്ക അതോറിറ്റി കണ്ടെത്തിയിരുന്നു. ശിക്ഷാനടപടികളൊന്നും ശിപാർശ ചെയ്തിരുന്നില്ല. എന്നാൽ പൊലീസ് ഉദ്യോഗസ്ഥൻ ഇൗ ഉത്തരവ് ചോദ്യം ചെയ്ത് സി.എ.ടിക്ക് അപ്പീൽ നൽകിയെങ്കിലും അത് നിരസിച്ചതിനെ തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.